പേജുകള്‍‌

2012, ജൂൺ 9, ശനിയാഴ്‌ച

ക്ഷതങ്ങള്‍


ആദ്യമായ് ചേക്കേറുവാന്‍ വന്ന നാള്‍ ...
                                       ചില്ലമേല്‍ ഏല്‍പിച്ച നഖക്ഷതങ്ങള്‍... 
                                       എത്ര സുഖമുള്ള നോവ്‌ ഞാനറിഞ്ഞു...

                                       നിറ നിലാവില്‍ നീ സ്വപ്നം കണ്ടുറങ്ങുമ്പോള്‍..
                                       സ്വപ്ന ഭംഗം വരാതെ ചെറു ചില്ലകള്‍ പൊതിഞ്ഞു ..
                                       നനുത്ത രാവില്‍ ഹൃദയ രക്തത്തില്‍ നിന്നെ ചേര്‍ത്ത് വെച്ചു..

                                       മഞ്ഞു തുള്ളിയില്‍ പ്രിയനൊത്തു പാറിയകലുംപോള്‍..
                                       എരിവേനലില്‍ നീ തളരാതിരിക്കട്ടെ...
                                       ഇട നെഞ്ചകം ഞാന്‍ ഒരുക്കിവെക്കാം..
                                       മൂവന്തിയില്‍ നിന്‍ നഖഷതങ്ങള്‍ക്കായ്......

2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

കുഞ്ഞുങ്ങളെ വളരാന്‍ അനുവദിക്കുക







കുഞ്ഞുങ്ങളെ വളരാന്‍ അനുവദിക്കുക

എം.എന്‍. വിജയന്‍
കുഞ്ഞുങ്ങളെ വളരാനനുവദിക്കാത്ത ഒരു മുതിര്‍ന്ന തലമുറയാണിവിടുള്ളത്. കുട്ടികളോട് ഒരിക്കലും പ്രസംഗിക്കരുത്, അത് പാപമാണെന്ന് പറഞ്ഞത് 'രബീന്ദ്രനാഥ ടാഗോറാ'ണ്. കുട്ടികളെ സ്‌നേഹിച്ചിരുന്ന പല ആളുകളില്‍ ഒരു നല്ല ഇന്ത്യക്കാരനായിരുന്നു ടാഗോര്‍. അതുകൊണ്ടാണ് മുതിര്‍ന്നവര്‍ ചെയ്യുന്ന ഈ പാപത്തെപ്പറ്റി അദ്ദേഹം പറഞ്ഞത്. ഒരുപാട് പാപങ്ങള്‍ മുതിര്‍ന്നവര്‍ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ വാസ്തവത്തില്‍ മാന്യന്മാരായിരിക്കുന്നത്. അത്തരത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട പാപം, കുട്ടികളെ പ്രസംഗിച്ചു തോല്‍പ്പിക്കുക എന്നതാണ്. സ്വയം വളര്‍ന്ന ഒരു ചെടിയെ തടസ്സപ്പെടുത്തുന്നതുപോലെയാണ് കുട്ടികളെ ഉപദേശിച്ചു നശിപ്പിക്കുക എന്നുള്ളത്. എങ്കിലും അങ്ങനെ ചെയ്താലേ മുതിര്‍ന്നവര്‍ക്കു സമാധാനമാവൂ. അതുകൊണ്ടാണ് ഏത് നിരത്തില്‍ കൂടി പോകുമ്പോഴും നാം കുട്ടിയുടെ വിരല്‍ കയറിപ്പിടിക്കുന്നത്. കാരണം, അവനിഷ്ടപ്പെട്ടയിടത്തേക്ക് പോകാന്‍ പാടില്ല. നമുക്ക് ഇഷ്ടമുള്ളയിടത്തേക്ക് പോകണം എന്നതാണ് നമ്മുടെ ഇഷ്ടം. അതുകൊണ്ട് നാട്ടില്‍ എന്തെല്ലാം കാണണം എന്ന് കുട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും, നാട്ടില്‍ ഒന്നും നിനക്ക് കാണാനുള്ളതല്ല എന്നാണ് അച്ഛനും അമ്മയും അമ്മാവനും ഏട്ടന്മാരുമൊക്കെ പറയുന്നത്. അങ്ങോട്ടു തിരിയണം, ഇങ്ങോട്ട് തിരിയരുത് എന്നു പറഞ്ഞുകൊണ്ട് കുട്ടികളെ മുന്നോട്ട് കൊണ്ടുപോകുന്നതിനെയാണ് നാം മാര്‍ഗദര്‍ശനം എന്നു പറയുന്നത്.

എന്തു കാണണം, എന്തു കാണാതിരിക്കണം എന്നു പറഞ്ഞുകൊണ്ട് കുട്ടികളെ കണ്‍കെട്ടു വിദ്യയില്‍ നിലനിര്‍ത്തുകയാണ് വാസ്തവത്തില്‍ എപ്പോഴും മുതിര്‍ന്നവര്‍ ചെയ്യുന്നത്. ഇന്ന് ആ കെട്ടുകള്‍ അഴിയുകയാണ്. കുട്ടികള്‍ കൂടുതല്‍ കാണുകയും കുട്ടികള്‍ക്ക് മുതിര്‍ന്നവരേക്കാള്‍ അറിവുണ്ടായിത്തീരുകയും ചെയ്യുന്ന ഒരു കാലമാണിത്. ഒരുപക്ഷേ, തലശ്ശേരിയില്‍ പണ്ട് താമസിച്ചിരുന്ന ഒയ്യാരത്തു ചന്തുമേനോന്റെ കാലംമുതല്‍ക്കുതന്നെ നമ്മുടെ നാട്ടില്‍ കുട്ടികള്‍ക്ക് കൂടുതല്‍ ബുദ്ധിയുണ്ടായിത്തുടങ്ങിയിട്ടുണ്ട്. നമുക്കറിയാത്ത പല കാര്യങ്ങളും അവര്‍ക്കറിയാം. ഒരു ടി.വി ട്യൂണ്‍ ചെയ്യാനറിയാം. പലപ്പോഴും കുട്ടിയുടെ അച്ഛാച്ചന് അതറിയൂല. കുട്ടിക്ക് ഷൂസിന്റെ ലേസ് കെട്ടാനറിയാം, മുതിര്‍ന്നവര്‍ക്ക് പലപ്പോഴും അറിഞ്ഞില്ല എന്നു വരാം. ഇത് വയസ്സായ ആളുകള്‍ക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണ്. കാരണം കുട്ടികള്‍ക്ക് മുതിര്‍ന്നവരേക്കാള്‍ പ്രായമായിത്തീരുന്നു എന്നുള്ളത്; അവര്‍ കൂടുതല്‍ പഠിക്കുന്നു എന്നുള്ളത്; അറിവ് നേടുന്നു എന്നുള്ളത് ചിലപ്പോള്‍ അവരെ വിഷമമുണ്ടാക്കുന്നതും, മറ്റു ചിലപ്പോള്‍ സന്തോഷമുണ്ടാക്കുന്നതും ആയ ഒരു കാര്യമാണ്. ഇങ്ങനെ കുട്ടികളെ ഏതെല്ലാം തരത്തില്‍ വളര്‍ത്താം. കുട്ടികളെ വളര്‍ത്തുക എന്നുള്ളതിന് ചരിത്രമുണ്ടാക്കുക എന്നതാണ് സാമാന്യമായിട്ടുള്ള അര്‍ഥം. അങ്ങനെ കുട്ടികളെ ജനിപ്പിക്കുക എന്ന പ്രവര്‍ത്തനത്തില്‍നിന്നു വ്യത്യസ്തമായി; ഒരു പുതിയ ലോകം ഉണ്ടാക്കിത്തീര്‍ക്കുക എന്നുള്ള ഉപകരണങ്ങള്‍ എന്ന നിലയിലാണ്, വാസ്തവത്തില്‍ കുട്ടികളൊക്കെ നമ്മുടെ നാട്ടില്‍ ജീവിക്കുകയും വളരുകയും ചെയ്യുന്നത്. ഇവരെ എങ്ങനെ വളര്‍ത്താം എന്നതു സംബന്ധിച്ച് ഒരു പാട് സങ്കല്പങ്ങളുണ്ട്. ഒരു അമ്പത്, അറുപത്, നൂറോ കൊല്ലം മുമ്പ് സ്‌കൂളില്‍ പഠിക്കുകയും പഠിച്ച്, പഠിച്ച് പാസാവുകയും, ക്ലര്‍ക്കായിത്തീരുകയും റെയില്‍വേ ബോര്‍ഡിന്റെ പരീക്ഷയെഴുതുകയും ഒരു ജോലി കിട്ടുകയും ചെയ്യുക എന്നതായിരുന്നു നമ്മുടെ വലിയ ലക്ഷ്യം.

അങ്ങനെയുള്ള കാലത്താണ്, ടാഗോര്‍, അദ്ദേഹത്തിന്റെ അച്ഛന്റെ വകയായിട്ടുള്ള സ്ഥലം, നമുക്കൊക്കെ ഇങ്ങനെ പാരമ്പര്യമായി സ്ഥലം, എസ്റ്റേറ്റ് കിട്ടുന്നുണ്ട്. പക്ഷേ, നാമൊക്കെ ഉപയോഗിക്കുന്ന ആവശ്യത്തിനുവേണ്ടിയല്ല ടാഗോര്‍ ആ സ്ഥലം ഉപയോഗിച്ചത്. 'ശാന്തി നികേതന്‍' എന്ന് ഇപ്പോള്‍ പറയുന്ന സ്ഥലത്ത്, കാട്ടു പ്രദേശത്ത് ഒരു സ്‌കൂളുണ്ടാക്കാനും, അവിടെ സാധാരണ പഠിപ്പിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി ചിലത് പഠിപ്പിക്കുവാനും ടാഗോര്‍ ശ്രമിച്ചതിന്റെ ഫലമായാണ് ഇന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു ടാഗോര്‍ ഉണ്ടായതും ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു ശാന്തിനികേതന്‍ ഉണ്ടായതും. ലോകത്തില്‍ ഏറ്റവും മാനിക്കപ്പെടുന്ന നോബല്‍ സമ്മാനം ഇന്ത്യയില്‍ ടാഗോറില്‍ക്കൂടി എത്തിച്ചേര്‍ന്നതും. ഇങ്ങനെയൊക്കെ ആയിത്തീര്‍ന്നത് ടാഗോര്‍ എല്ലാവരും നടന്ന വഴിയില്‍ക്കൂടി നടന്നില്ല എന്നതുകൊണ്ടാണ്. ടാഗോറിനെ ഒരു നിമിത്തമായി പറയുന്നുവെന്നേയുള്ളൂ. നാമെല്ലാവരും അങ്ങനെ തന്നെ നടക്കുന്നവരാണ്. പക്ഷേ, അങ്ങനെ നടക്കുന്നതിനിടയില്‍ പല വഴിക്കും നടക്കുന്നവരായിത്തീരുന്നു.

ടാഗോറിന്റെ ആ വിദ്യാലയത്തിന്റെ പ്രത്യേകത; ആ വിദ്യാലയത്തിലാണ്, അടിയന്തരാവസ്ഥ കൂടി ഉണ്ടാക്കിയെങ്കിലും ഇന്ദിരാഗാന്ധി പഠിച്ചിരുന്നത്. ഉണ്ടാക്കിയ പല കാര്യങ്ങളില്‍ ഒരു കാര്യം അടിയന്തരാവസ്ഥയാണെന്ന് നമുക്കറിയാമെങ്കിലും ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് അവിടെ പാട്ടും നൃത്തവും പഠിച്ചിരുന്ന പഴയ കുട്ടികളിലൊന്ന് ഇന്ദിരാഗാന്ധിയായിരുന്നുവെന്നതാണ്. അവിടത്തെ സ്‌കൂളിലെ വലിയ പ്രത്യേകത അതിനു മേല്‍പ്പുര ഉണ്ടായിരുന്നില്ല എന്നതാണ്. മേല്‍പ്പുര ആകാശം മാത്രം മതി എന്ന സങ്കല്പത്തോടുകൂടി; കുട്ടികള്‍ വളരുമ്പോള്‍ ആകാശത്തോളം വളരണം എന്ന വിശ്വാസത്തോടുകൂടി മരത്തിന്റെ കീഴിലും ഇരുന്ന് പഠിക്കുന്ന ഒരു കൂട്ടം വിദ്യാര്‍ഥികളെയാണ് ടാഗോര്‍ അവിടെ വളര്‍ത്തിയത്. ഇന്നത്തെ കെ.ഇ.ആറില്‍ പറയുന്ന നിബന്ധനകളൊന്നും ടാഗോറിന്റെ സ്‌കൂളിനുണ്ടായിരുന്നില്ല. 'യത്ര വിശ്വം ഭവത്യേകനീഡം'- എന്നവിടെ എഴുതിവെച്ചിട്ടുണ്ട്. ഈ ലോകം മുഴുവന്‍ എന്റെ വീടാണ് എന്ന് എഴുതിവെച്ച ഒരാള്‍, അവിടെ അദ്ദേഹം കുട്ടികളെ പഠിപ്പിക്കുകയും, കുട്ടികള്‍ പഠിക്കേണ്ട പല കാര്യങ്ങളില്‍ നാമിന്ന് തോന്ന്യാസമെന്നും പോക്രിത്തരമെന്നും ഗുരുത്വ ദോഷമെന്നും പറയുന്ന പല കാര്യങ്ങളും ഉള്‍പ്പെടുത്തുകയും, പാട്ടു പാടുകയും ചിത്രം വരയ്ക്കുകയും ശില്പങ്ങള്‍ ഉണ്ടാക്കുകയും തുടങ്ങി എല്ലാ താന്തോന്നിത്തരങ്ങളും ആണ് ഇവിടെ പഠിപ്പിക്കേണ്ടതെന്ന് തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ ഫലമായിട്ട് ഉണ്ടായത് ഒരു പക്ഷേ, ലോകത്തൊരിടത്തും കാണാത്ത ഒരു വിദ്യാലയവും, ലോകത്തിന്റെ അഭിനന്ദനം അറിയിച്ചുവെച്ചുള്ള ഒരു വലിയ പപ്പടത്തിന്റെ വട്ടത്തിലുള്ള മെഡലും (ഇതാണ് നോബല്‍ സമ്മാനമായി കിട്ടുന്നത്) ആണ്. ഈ തിളങ്ങുന്ന വലിയ പപ്പടം ഇന്ത്യക്ക് വാങ്ങിത്തന്ന ഒരാള്‍ ശാസ്ത്രജ്ഞനായിരുന്നില്ല; ഔപചാരികമായ വിദ്യാഭ്യാസംപോലും ശരിക്ക് കിട്ടാത്ത; ആളുകള്‍ സന്ന്യാസിയായി തെറ്റിദ്ധരിക്കുന്ന സൗന്ദര്യാരാധകനായ ടാഗോറായിരുന്നു.
നമ്മുടെ നാട്ടില്‍ ഒരു ഇരുപത്തിയഞ്ച് കൊല്ലംമുമ്പ് താടിയുള്ളവരെല്ലാം തീവ്രവാദികളാണെന്നും, അമ്പതുകൊല്ലം മുമ്പ്, താടിയുള്ളവരെല്ലാം സന്ന്യാസിമാരാണെന്നും ധരിച്ചിരുന്നു. ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് പല അപാകതകളുമുണ്ട്. വളരെ പ്രസിദ്ധമായ മലബാര്‍ ലഹളക്കാലത്ത് ഹിന്ദുവിനെയും മുസല്‍മാനെയും തിരിച്ചറിയാനുള്ള മാര്‍ഗമായി നേപ്പാളില്‍നിന്നു വന്ന പട്ടാളക്കാരോട് അധികാരികള്‍ കല്പിച്ചത് ''കാതുപിടിച്ച് നോക്കുക; കാതിന് ഓട്ടയുണ്ടെങ്കില്‍ ഹിന്ദുവാണെന്നും ഇല്ലെങ്കില്‍ മുസ്‌ലിം ആണെന്നുമാണ്''. നേപ്പാള്‍ എന്നു പറയുന്നത് ഗൗതമബുദ്ധന്റെ നാടിന്റെ തൊട്ടടുത്ത നാടാണ്. നേപ്പാളില്‍നിന്നും പട്ടാളക്കാര്‍ മലപ്പുറത്ത് വന്നിട്ട് സംസാരിക്കാനാവാതെ ആളുകളുടെ കാതുപിടിച്ച് നോക്കുകയും, അവിടത്തെ ഹരിജനങ്ങള്‍ കാതുകുത്താത്തവരായതുകൊണ്ട് മിക്കവാറും എല്ലാ ഹരിജനങ്ങളെയും തെറ്റിദ്ധരിച്ച് കൊല്ലുകയും ചെയ്തു. അതുകൊണ്ട് നിങ്ങളുടെ കാതിനു ഓട്ടയുണ്ടെങ്കില്‍ നിങ്ങളൊരു ഹിന്ദുവാണെന്നു കരുതാം. താടി നീട്ടിയിട്ടുണ്ടെങ്കില്‍ നിങ്ങളൊരു തീവ്രവാദിയാണെന്ന് കഴിഞ്ഞ പതിറ്റാണ്ടുകളില്‍ കരുതുകയും, സന്ന്യാസിയാണെന്ന് അതിന് മുമ്പത്തെക്കാലങ്ങളില്‍ കരുതുകയും ചെയ്യാം.

താടിയുള്ള ആളുകള്‍ക്ക് പിച്ചകൊടുക്കണമെന്നും, താടിയുണ്ടെങ്കില്‍ പണിയെടുക്കാതെ ജീവിക്കാമെന്നും ഇന്ത്യയിലെ സന്ന്യാസിമാര്‍ക്കറിയാമായിരുന്നു. അടുക്കള വേണ്ട. വീടിന് കിടപ്പുമുറിയുണ്ടാക്കിയാല്‍ മതി. കുശിനിവേണ്ട. കാരണം വല്ലവന്റെയും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് ജീവിക്കുന്നയാളെയാണ് നമ്മുടെ നാട്ടില്‍ വളരെക്കാലം സന്ന്യാസി എന്നു പറഞ്ഞിരുന്നത്. ഇതു പറയാന്‍ കാരണം ടാഗോറും ഇതുപോലെ താടി നീട്ടി വളര്‍ത്തിയയാളായിരുന്നു. പക്ഷേ, ആളുകള്‍ കരുതുംപോലെ അദ്ദേഹം സന്ന്യാസിയോ ഋഷിയോ ആയിരുന്നില്ല. വിവാഹിതനായ ഒരാളായിരുന്നു. ഒരു മനുഷ്യന്റെ ഏറ്റവും മനോഹരമായ കാഴ്ചയാണ് നീട്ടി വളര്‍ത്തിയ താടി എന്നതുകൊണ്ടാണദ്ദേഹം താടി വളര്‍ത്തിയത്. വളരെ ഭംഗിയുള്ള ടാഗോറിന്റെ താടി ചീകാനായി അദ്ദേഹം പോക്കറ്റില്‍ എപ്പോഴും ഭംഗിയുള്ള ചീര്‍പ്പ് കരുതുമായിരുന്നു. ചീകിയ താടി മനോഹരമാണെന്നും, ചീകാത്ത താടിക്ക് അത്ര ഭംഗിയൊന്നും ഇല്ലെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് ഈ ലോകം ഭംഗിയുള്ള ലോകമാക്കിത്തീര്‍ക്കണമെന്നും, ഈ ലോകം മരങ്ങളെക്കൊണ്ടും, ഈ ലോകം സുഗന്ധങ്ങളെക്കൊണ്ടും, ഈ ലോകം സംഗീതത്തെക്കൊണ്ടും നിറയ്ക്കണം എന്നും കരുതിയിരുന്ന ആളാണ് ടാഗോര്‍. അതുകൊണ്ട് നമ്മുടേതില്‍ നിന്നും വ്യത്യസ്തമായി, നാടു മുഴുവന്‍ ഇംഗ്ലീഷ് ഭാഷകൊണ്ട് നിറയ്ക്കുകയോ, മലയാള വിദ്വാന്മാരെക്കൊണ്ട് നിറയ്ക്കുകയോ അല്ല. ഇതിനപ്പുറത്ത് മനുഷ്യന്‍ ഇഷ്ടപ്പെടുന്ന കാര്യമുണ്ട്. ഇത് ശരീരം കൊണ്ട് സംസാരിക്കുന്നു. ശരീരത്തിന്റെ നൃത്തം ആണത്. ഈ ഭാഷയിലാണ് ശിവന്‍ സംസാരിച്ചിരുന്നത്.

ശരീരംകൊണ്ട് ഒരുപാട് കാര്യങ്ങള്‍ പറയാം, അടിക്കുക മാത്രമല്ല. ഞങ്ങളുടെ കോളേജിലെ നാല്‍ക്കവലയില്‍ പൊരിഞ്ഞ അടിനടക്കുന്ന സമയത്ത് അതുവഴി വന്ന കോളേജ് അധ്യാപകന്‍കൂടിയായ കേരളത്തിലെ ഒരു പ്രശസ്ത കവി മാറിനിന്ന് പറഞ്ഞത് 'എനിക്ക് ഈരടിയുണ്ടാക്കാനറിയാം; ഒരടി അറിയില്ല' എന്നാണ്. ഇതൊരടിയാണ്. ഇങ്ങനെ ഈരടിയുണ്ടാക്കുമ്പോഴാണ് ഒരു ടാഗോറുണ്ടാവുകയും ഗീതാഞ്ജലിയുണ്ടാവുകയും, ഒരു പി.കുഞ്ഞിരാമന്‍നായരുണ്ടാവുകയും ഒരു ശങ്കരക്കുറുപ്പുണ്ടാവുകയും ഒരു ചങ്ങമ്പുഴയുണ്ടാവുകയും ചെയ്യുന്നത്. അതുകൊണ്ടാണ് ഒരുപാട് മാര്‍ക്ക് കിട്ടാതിരുന്ന ചങ്ങമ്പുഴ, കേരളത്തിന് ഒരുപാട് മാര്‍ക്ക് വാങ്ങിക്കൊടുത്തു എന്ന് നാം ഓര്‍ക്കേണ്ടിവരുന്നത്. ചങ്ങമ്പുഴയ്ക്ക് വളരെക്കുറച്ച് മാര്‍ക്കേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, അദ്ദേഹം മലയാളത്തിന് നേടിക്കൊടുത്ത മാര്‍ക്ക് കണക്കാക്കാന്‍ ഒരു മലയാള അധ്യാപകനും കഴിയില്ല. മാര്‍ക്കിടാന്‍ കഴിയുന്നതില്‍ കൂടുതല്‍ മാര്‍ക്ക്, കൂടുതല്‍ നേട്ടം ഒരൊറ്റ മനുഷ്യന്‍ നാട്ടിനുണ്ടാക്കിക്കൊടുത്തു. അദ്ദേഹം കാലഘട്ടം സൃഷ്ടിക്കുകയും, എല്ലാവരേയും പാടാന്‍ പ്രേരിപ്പിക്കുകയും, പാട്ടുകേള്‍ക്കാന്‍ പ്രേരിപ്പിക്കുകയും കവിത എന്നൊന്നുണ്ട് എന്ന് അസമിലെയും കശ്മീരിലെയും ബാരക്കുകളിലെ പട്ടാളക്കാരനെക്കൂടി അറിയിക്കുകയും ചെയ്തു. ഇതുതന്നെയാണ് ഒരര്‍ഥത്തില്‍ ടാഗോറും ചെയ്തത്.

നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളായ നെല്ലുണ്ടാക്കുക, വിളയിക്കുക, തിന്നുക എന്നിവ പോലെതന്നെ പ്രധാനമാണ് ജീവിതത്തില്‍ നിന്നും വിളയിക്കുന്ന മറ്റു പലതും. ഇത്തരം ഒന്നാണ് 'വെള്ളരിനാടകം'. വയലുകളില്‍ നെല്ലുമാത്രമല്ല ജീവിതവും വിളയിക്കുന്നതാണ് നാട്ടുജീവിതം. ഒരു നാടകമെഴുതുമ്പോള്‍ ജീവിതം എന്താണെന്നു നാം മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. നമ്മുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നു എന്നാണിതിനര്‍ഥം. അവനവനെത്തന്നെ കാണാനുള്ള ഒരു കണ്ണാടി മുന്നില്‍ വെച്ച് കൊടുക്കുന്നുവെന്നതാണ് മിക്കവാറും എല്ലാ കലാകാരന്മാരും ചെയ്തുകൊണ്ടിരിക്കുന്നത്. മൂല്യബോധത്തിനുപരിയായി മറ്റു ചില മൂല്യങ്ങള്‍; ചില ബോധങ്ങള്‍ ഉണ്ടാക്കിത്തരല്‍ കൂടിയാണിത്. കിണറ്റിലെ തവളയുടെ മനോഭാവം കാത്തു സൂക്ഷിക്കല്‍ ചില അധ്യാപകരുടെ പ്രത്യേകതയാണ്. ചാടി നടക്കാന്‍ ഒരുപാട് സ്ഥലമുണ്ട് എന്ന്, ചാടിക്കളിക്കാന്‍ ഒരുപാട് ആകാശമുണ്ട് എന്ന് മനസ്സിലാക്കുന്ന ഒരു തവളയെയാണ് കലാകാരന്‍ എന്നു പറയുന്നത്. ഇത്തരം തവളകളില്‍ ചിലത് ചില അടയാളങ്ങള്‍ നല്‍കും. തന്റെ കല കൊണ്ട് ഉണ്ടാകുന്നതാണിത്. നെറ്റിയില്‍ പൊട്ടുകുത്തുന്നതുപോലെ. നല്ല വാക്കുപയോഗിക്കുമ്പോഴത് നെറ്റിയിലെ പൊട്ടുപോലെ തിളങ്ങും. തിളങ്ങുന്ന ഒരു വാക്കു പറയുമ്പോള്‍ നമ്മുടെ ഭാഷ കത്തിക്കാളുകയും, ഭാഷ ചിരിക്കുകയും, ഭാഷ കരയുകയും ജീവിതത്തിന്റെ നിറങ്ങള്‍ നമുക്ക് കാണിച്ചു തരുകയും ചെയ്യുന്നു. ഭാഷയിലും നിറങ്ങളിലും സ്വതന്ത്രമായ വളര്‍ച്ചയാണ് ടാഗോര്‍ ആഗ്രഹിച്ചിരുന്നത്. കുട്ടികള്‍ക്ക് അവരുടേതായ സഞ്ചാരപഥങ്ങളുണ്ടെന്നും നാം ഓര്‍മിക്കേണ്ടിയിരിക്കുന്നു. അവരാണ് ഇന്നിനെയും നാളെയും രൂപ കല്പന ചെയ്യുന്നതെന്നും അറിയേണ്ട ബാധ്യത നമുക്കുണ്ട്.

(മനുഷ്യര്‍ പാര്‍ക്കുന്ന ലോകങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)






2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

മോടി(ഡി)യായി അണിയിച്ചൊരുക്കിയ മത സൌഹാര്‍ദ്ദ മാമാങ്കം.










അടുത്തിടെ, ഗുജറാത്തിന്‍റെ  തലസ്ഥാനമായ ‌ അഹമ്മദാബാദിലെ ഗു­ജ­റാ­ത്ത് സര്‍­വ­ക­ലാ­ശാലയുടെ കണ്‍വെന്‍ഷ ന്‍  സെന്‍റിലെ ശീതീകരിച്ച  മുറിയില്‍ മോടിയില്‍ ഒരു നാടകം അരങ്ങേറി ..മത സൌഹാര്‍ദ്ദവും സമഭാവനയും വളര്‍ത്താന്‍ ലക്ഷ്യമിട്ട് ‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി തന്‍റെ അറുപത്തി രണ്ടാം ജന്‍മദിനത്തില്‍ ഒരു ത്രിദിന സദ്ഭാവന നിരാഹാരത്തിനു തുടക്കം കുറിച്ചു  എടുത്തു ചാടി നടത്തിയ ഒരു സംരംഭമായിരുന്നില്ല ഇത് .കഥയും തിരക്കഥ യും റിഹേഴ്സലുകള്‍ പോലും, പല രൂപത്തിലും ഭാവത്തിലും രൂപപ്പെടു ത്തി, ഇന്ദ്രപ്രസ്ഥത്തില്‍ പല തവണ,ലഘു നാടകങ്ങള്‍ നടത്തി,പടിപടിയായി ജനശ്രദ്ധ നേടി, 2014 ല്‍ നടക്കാനിരിക്കുന്ന  മഹാ നാടകത്തിലെ   നായകനാവുക എന്ന ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയുടെ ആദ്യ ചുവടുകള്‍ ആയിരുന്നു അവ-


ഗുജറാത്തിലെ പട്ടിണിയും പരിവട്ടവും നീക്കി , എവിടെയും വികസനം സാധ്യമാക്കിയ പുതിയ അവതാരം.മോഡി ഒരു പില്‍ക്കാഴ്ചകേശുഭായി പട്ടേലിന് ശേഷം  അതുവരെ ജനപ്രിയനായി ബി ജെ പി യില്‍ തിളങ്ങി നിന്ന ശങ്കര്‍ സിംഗ് വഘേലയെ തള്ളി മാറ്റി, പാര്‍ട്ടിയുടെ ബുദ്ധികേ ന്ദ്രമായിരുന്ന സ്ട്രാറ്റജിസ്റ്റ് നരേന്ദ്ര മോഡിയെ , വ്യക്തമായ ലക്ഷ്യത്തോടെ, തലപ്പത്ത് പ്രതിഷ്ടിച്ചത്, ആര്‍ എസ്സ് എസ്സ് ആയിരുന്നു.ഇന്ത്യയിലെ മത ന്യൂന പക്ഷങ്ങള്‍ക്കെതിരെ പീഡനം അഴിച്ചു വിട്ടാല്‍ മാത്രമേ ഹൈന്ദവ ഏകീകരണം സാധ്യമാകുകയുള്ളൂ, അതിലൂടെ മാത്രമേ ഇന്ത്യയില്‍ അധികാരം കയ്യാളുവാന്‍ സാധിക്കുകയുള്ളൂ എന്ന് മറ്റാരെക്കാളും അറിയാവുന്നത് ആര്‍ എസ്സ് എസ്സ് , ബജരംഗ് ദള്‍ ‍, വിശ്വ ഹിന്ദു പരിഷത്ത്‌ , തുടങ്ങിയവര്‍ അടങ്ങിയ സംഘ പരിവാറിന്നാണ്.ആ വഴിക്കുള്ള  ആദ്യ ശ്രമത്തില്‍  അവര്‍ വിജയിക്കുകയും ചെയ്തു. 1991 ല്‍ ബാബറി മസ്ജിദ് തകര്‍ത്ത് ,ഹിന്ദു വികാരം ആളിക്കത്തിച്ച്,പിന്നീട് വന്ന തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് വിജയിക്കാനായി.വാജ്പേയിയുടെ ഭരണത്തിന്‍റെ  അവസാന കാലത്ത്, ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യത്തിന്‍റെ പിന്‍ ബലത്തോടെ  ഭരണത്തുടര്‍ച്ചയ്ക്ക്  കാര്യമായ ഒരു ശ്രമം നടന്നെങ്കിലും വര്‍ഗീയ വാദിയായ അദ്വാനിയിലേക്ക് അധികാരം കൈമാറുവാന്‍ ജനങ്ങള്‍ തയ്യാറായില്ല.


ഗുജറാത്തിലെ സ്ഥിതി നോക്കാം.2002 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ കടന്നു വരുവാന്‍ മോഡി കണ്ട കുറുക്കു വഴി ആയിരുന്നു ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യ.സബര്‍മതി എക്സ്പ്രസ്സിലെ ഒരു ബോഗിയില്‍, അയോധ്യയിലെ കര്‍സേവ കഴിഞ്ഞു മടങ്ങുകയായിരുന്ന   ഹിന്ദു കര്‍സേവകരെ  ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്തു വച്ച് അഗ്നിക്കിരയാക്കുകയും അതിന്‍റെ  കുറ്റം മുഴുവന്‍ മുസ്ലിം സമുദായത്തിന്‍റെ  തലയില്‍ കെട്ടിവച്ചു ഒരു വര്‍ഗീയ കലാപം തന്നെ നടത്തുകയും ചെയ്തു . നാളിതു വരെ ഈ കലാപം ആസൂത്രണം ചെയ്തത് ആരെന്നു  തെളിയിക്ക പ്പെട്ടിട്ടില്ല. ഈ കലാപത്തിലെ മോഡിയുടെ പങ്കിനെ ക്കുറിച്ച് അന്ന് ഡി ജി പി ആയിരുന്ന ആര്‍ ബി ശ്രീകുമാര്‍ , പോലീസ്‌ ഇന്‍റലിജെന്‍സ്‌ വിഭാഗം ഐ ജി സഞ്ജീവ് ഭട്ട് എന്നിവര്‍ വിശദമായിത്തന്നെ വ്യക്തമാക്കിയിരുന്നു. കലാപ ത്തിനിടെ  സ്ത്രീകള്‍ കൂട്ട ബലാല്‍ സംഗത്തിന് ഇരയായി, എത്രയോ പേര്‍  കൊല്ലപ്പെട്ടു... ആയിരങ്ങള്‍  ഭവന രഹിതരായി... അനേകം മുസ്ലീം കച്ചവടക്കാര്‍ക്ക് സ്വന്തം സ്ഥാപനങ്ങള്‍ നഷ്ടപ്പെട്ടു , എന്നിട്ടും മോഡി ആ വര്‍ഷം  നടന്ന തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിച്ച്  വീണ്ടും മുഖ്യമന്ത്രിയായി. കലാപം കഴിഞ്ഞതോടു കൂടി മോഡി സംസ്ഥാനത്ത്  ഒരപ്രതിരോധ്യ ശക്തിയായി വളര്‍ന്നു .വീണ്ടും മുഖ്യ മന്ത്രി ആയി തെരഞ്ഞെടുക്കപ്പെട്ട മോഡിക്കെതിരെ തിരിയുമോ എന്ന് സംശയം തോന്നിയ, കലാപ കാലത്തെ ആഭ്യന്തര മന്ത്രി ഹരെന്‍ പാണ്ഡ്യ കൊല്ലപ്പെട്ടു.പബ്ലിക്‌ റിലേഷന്‍സ്‌പബ്ലിക് റിലേഷന്‍സ്‌ വകുപ്പിനെ ഏറ്റവും സമര്‍ത്ഥമായി എങ്ങനെ ഉപയോഗിക്കാം എന്നും അത് വഴി പൊതു ജനത്തിനെ എങ്ങനെ കബളിപ്പിക്കാം  എന്നും  മോഡി സര്‍ക്കാരിന്‍റെ  ഗുജറാത്ത്‌ ലോകത്തിനു കാണിച്ചു കൊടുത്തു  ഹൈന്ദവരുടെ രാജാവായിട്ടാണ് ‌ മോഡിയെ ആരാധകര്‍ കാണുന്നത് -ഗുജറാത്തിലെ പബ്ലിക് റിലേഷന്‍സ്‌ ഓഫീസര്‍മാര്‍ ക്കാകട്ടെ, ഒരു പടി കൂടി കടന്ന്, മോഡി,  താടി വച്ച ദൈവം ആണ്- 2008 ലെ അവരുടെ ഒരു പരസ്യം അങ്ങനെ അവകാശപ്പെടുന്നു.ഗുജറാത്തിലെ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ് കൈകാര്യം ചെയുന്നത്,  മോഡിയുടെ ഏറ്റവും വിശ്വസ്തരായ സംഘ പരിവാര്‍ സംഘം ആണ്. വിശ്വ ഹിന്ദു പരിഷത്ത്‌ അമേരിക്ക, എന്ന അമേരിക്കയിലെ വിശ്വ ഹിന്ദു പരിഷത്തിന്‍റെ  നിയന്ത്രണത്തില്‍ ആണ് ഗുജറാത്തിലെ പബ്ലിക് റിലേഷന്‍സ്‌ വകുപ്പ്... മോഡിയുടെ വര്‍ഗീയ കലാപത്തില്‍ ഉള്ള പങ്കിനെ മറച്ചു വെയ്ക്കുവാന്‍, മോഡിയെ വികസന വാദി ആയിട്ടാണ് മീഡിയ വളര്‍ത്തിയത്  ജനങ്ങളുടെ നികുത്തിപ്പണം മോഡിയുടെ മോടി  കൂട്ടുവാനായി പബ്ലിക് റിലേഷന്‍സ്‌ വകുപ്പ്  ഉപയോഗിച്ചു .വളരെ കുറഞ്ഞ കാലം കൊണ്ട്, മോഡിയെ ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ കോര്‍പൊറേറ്റ്കളുടെ മിശിഹാ ആക്കി മാറ്റു വാന്‍ അവര്‍ക്ക് കഴിഞ്ഞു. വാണിജ്യ നഗരമായ മുംബൈയോട് അടുത്തു കിടക്കുന്ന അവികസിത പ്രദേശം മോഡി കോര്‍പൊ റേറ്റുകള്‍ക്കായി തുറന്ന് കൊടുത്തു. വ്യവസായത്തിന്, ആക്കം കൂട്ടി.അനേകം  കോര്‍പൊറേറ്റുകള്‍ ഗുജറാത്തില്‍ മുതല്‍ മുടക്കുവാന്‍ മുന്നോട്ടു വന്നു. ഇവര്‍ നടത്തിയ ഇന്‍വെസ്റ്റ്‌മെന്‍റിനേക്കാള്‍ പണം പരസ്യപ്പലകകള്‍ക്ക് കൊടുത്ത്. "വര്‍ഗീയ വാദി' എന്ന ലേബലില്‍ നിന്ന്  'വികസനവാദി' എന്നതിലേക്ക് മോഡിയെ മാറ്റുവാന്‍  പബ്ലിക് റിലേഷന്‍സ്‌ ശ്രമം തുടര്‍ന്നു.   ഗുജറാത്തിനെ അവര്‍ "മോഡി ലാന്‍ഡ്‌ " എന്ന് നാമകരണം  ചെയ്തു . മഹാത്മാ ഗാന്ധിക്കും  സര്‍ദാര്‍ പട്ടേലിനും മുകളില്‍ മോഡിയെ പ്രതിഷ്ഠിക്കാന്‍ വെമ്പല്‍ കൊണ്ടു .


കേന്ദ്രത്തിലെ  കോണ്‍ഗ്രസ് സര്‍ക്കാരിനെ  അധികാരത്തില്‍ നിന്ന് പുറന്ത ള്ളാന്‍ 2 ജി സ്പെട്രം അഴിമതി, കോമണ്‍വെല്‍ത്ത്‌ അഴിമതി തുടങ്ങി കാരണങ്ങള്‍ ഏറെയുള്ളപ്പോഴും പകരം വെയ് ക്കാന്‍ ഒരു നേതാവില്ലാത്ത അവസ്ഥ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും തുറിച്ചു നോക്കുന്നു ബി ജെ പി, അന്ത:ഛിദ്രങ്ങളില്‍ മുങ്ങി ആകെ അവശതയിലുമാണ് . ഇടക്കാലത്ത് ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി മോഡിയാകും എന്നൊക്കെ പ്രചരണം ഉണ്ടായിരുന്നു എങ്കിലും കഴിഞ്ഞ ലോക സഭ തെരഞ്ഞെടുപ്പില്‍ അദ്വാനിക്ക് തന്നെ വീണ്ടും നറുക്ക് വീണു. അദ്വാനിയുടെ വമ്പന്‍ പരാജയത്തിന് ശേക്ഷം നടന്ന ബി ജെ പി യിലെ അധികാര കൈമാറ്റത്തില്‍ എന്ത് കൊണ്ടോ മോഡി തഴയപ്പെട്ടു. സുഷമ സ്വരാജ്, അരുണ്‍  ജയ്റ്റ്ലി,  നിതിന്‍ ഗഡ്കരി , തുടങ്ങിയവര്‍ മുതല്‍ അദ്വാനിയും വരുണ്‍ ഗാന്ധി പോലും പ്രധാനമന്ത്രി കുപ്പായം തുന്നിച്ചു കാത്തിരിക്കാന്‍ തുടങ്ങി.ഒരു പുതിയ മാര്‍ഗം  തെരഞ്ഞെടുത്ത് .അപ്പോഴാണ്‌  മോഡി വീണ്ടും മുന്നിലെത്തുന്നത് .  സംഘ പരിവാറിനേയും കോര്‍പൊറേറ്റുകളെയും രംഗത്തിറക്കി , അണ്ണ ഹസാരെ, ബാബാ രാംദേവ്‌ തുടങ്ങിയവരെ കൊണ്ട് സത്യാഗ്രഹ സമരം നടത്തിക്കുകയും അത് ദൃശ്യ മാധ്യമങ്ങളില്‍ ആഘോഷമാക്കി മാറ്റുകയും ചെയ്തു. യെദിയൂരപ്പയും റെഡിമാരും കര്‍ണാടകത്തില്‍ അഴിമതിയില്‍ മുങ്ങിയ പ്പോഴും അതൊക്കെ മറച്ചു വെക്കുവാന്‍ സംഘ പരിവാറിന്‍റെ  ആസൂത്രണത്തിനു കഴിഞ്ഞു.ഇതിനിടെ, അഴിമതിക്കെതിരെ രഥയാത്ര നടത്തി തനിക്ക്  ഇനിയും യൌവനം ബാക്കി ഉണ്ട് എന്നറിയിക്കുവാന്‍ , അങ്ങനെ സുഷമ, ജയറ്റ്ലി, ഗാഡ്കാരികളെ പിന്നിലേക്ക്‌ മാറ്റുവാന്‍, അദ്വാനിയും ശ്രമിക്കുന്നു .അമേരിക്കന്‍ പിന്നാമ്പുറ കേളികള്‍ .


ഇന്ത്യയിലെ ഭരണം തങ്ങളുടെ  ചൊല്‍പ്പടിയില്‍ ആക്കുക, മാറി വരുന്ന സാമ്പത്തീക കാഴ്ചപ്പാടുകളില്‍ , ഇന്ത്യയേയും ചൈനയേയും തങ്ങള്‍ക്ക് പിന്നില്‍ ഉറപ്പിച്ചു നിര്‍ത്തുക  എന്നത് അമേരിക്കയുടെ സ്വപ്ന പദ്ധതി ആണ്. പക്ഷേ വാജ്പേയി  കൊടുത്ത സ്വാതന്ത്ര്യം, ഈ വഴിക്ക്,മന്‍മോഹന്‍ സിംഗ്  കൊടുക്കുന്നില്ല എന്ന്‌ അവര്‍ തിരിച്ചറിഞ്ഞു , അമേരിക്കയെ മോഡിയിലേക്ക് ആകര്‍ഷിക്കുന്ന ഘടകം ഇതാണ്. അമേരിക്കയില്‍ സംഘപരിവാര്‍ വളരെ ആസൂത്രിതമായിട്ടാണ് കരുക്കള്‍ നീക്കുന്നത്. ആര്‍ എസ്സ് എസ്സ് , വിശ്വ ഹിന്ദു പരിഷത്ത്‌ തുടങ്ങിയ സംഘപരിവാര്‍ സംഘടനകള്‍ വളരെ സുസജ്ജരാണ് അവിടെ . അമേരിക്കയിലും ബ്രിട്ടനിലും ആര്‍ എസ്സ് എസ്സ് അറിയപ്പെടുന്നത് എച്ച് എസ്സ് എസ്സ് എന്ന പേരില്‍ ആണ്. അവര്‍ക്ക് അമേരിക്കന്‍ സര്‍ക്കാരില്‍ നുഴഞ്ഞു കയറി നയരൂപീകരണ സമിതികളില്‍ അംഗങ്ങള്‍ ആകുവാന്‍ പോലും കഴിഞ്ഞു. ഹൈന്ദവ നവോത്ഥാനം ലക്ഷ്യമാക്കി  ഇന്ത്യയിലേക്ക് ഫണ്ടുകള്‍ കൊണ്ട് വരുന്നതിനു ഇന്ത്യാ ഡെവലപ്പ്മെന്‍റ്  ആന്‍ഡ്‌ റിലീഫ്‌ ഫണ്ട് എന്ന പേരില്‍ അമേരിക്കയില്‍ ഒരു ടാക്സ്‌ ഫ്രീ ഫണ്ട് രൂപീകരിച്ച്,അവര്‍   ഇന്ത്യയിലെ സംഘ പരിവാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്  ഫണ്ട് എത്തിക്കുന്നു. ആര്‍ എസ്സ എസ്സ് താത്വിക ആചാര്യനും എച്ച് എസ്സ് എസ്സ് സംഘ ചാലകും  ആയ ശ്രീ ഭീംഷ അഗ്നിഹോത്രി , സംഘ പരിവാറിന്‍റെ  ശ്രീ വിനോദ് പ്രകാശ്‌ തുടങ്ങിയവര്‍ ആണ് ഇന്ത്യ ഡെവലപ്മെന്‍റ്   ആന്‍ഡ്‌ റിലീഫ്‌ ഫണ്ട്, ഏകല്‍ വിദ്യാലയ്‌ തുടങ്ങിയവയുടെ അമരക്കാര്‍.‍. മാലേഗാവ്‌ സ്ഫോടന കേസില്‍ പോലും  സാമ്പത്തീക സഹായം ഈ ഫണ്ടുകളില്‍ കൂടി ആയിരുന്നു ലഭിച്ചിരുന്നത്. മോഡിയുടെ പബ്ലിക് റിലേക്ഷന്‍സിനു മേല്‍നോട്ടം വഹിക്കുന്നതും അമേരിക്കയിലുള്ള സംഘ പരിവാര്‍ നേതൃത്വം ആണ്.

കോണ്‍ഗ്രസിനും സഖ്യ കക്ഷികള്‍ക്കും എതിരെ ഉയര്‍ന്നു വന്നിട്ടുള്ള അഴിമതി ആരോപണങ്ങള്‍ ജനശ്രദ്ധയില്‍ നിന്നു തിരിച്ചു വിടാതെ  , വിദേശത്തെ  കള്ളപ്പണത്തിന്‍റെ  ഉറവിടങ്ങളെ ജനങ്ങളുടെ മുന്നില്‍ നിര്‍ത്തി, രാഹുല്‍ഗാന്ധിക്കെതിരെ പോലും സ്ത്രീ പീഡന വാര്‍ത്തകള്‍ സൃഷ്ടിച്ച് , ജനങ്ങളുടെ ഇടയില്‍ അശാന്തിയുടെ വിത്തുകള്‍ വിതച്ച് , ഒരു മോഡി ഊഴ ത്തിന്  ഇവര്‍ പദ്ധതി ഇട്ടു കഴിഞ്ഞു. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പ് വരെ ഈ വിഷയങ്ങള്‍ മാധ്യമങ്ങളില്‍ ശക്തമായി  നിലനിര്‍ത്തി, ആ തെരഞ്ഞെടുപ്പില്‍ ഒരു മോഡിവിജയം , അതാണ്‌ സംഘ പരിവാര്‍ ലക്ഷ്യമിടുന്നത്. സ്വാമി രാംദേവിന്‍റെ  സത്യഗ്രഹം ചീറ്റി പോയി എങ്കിലും കോര്‍പൊറേറ്റ്കളുടെ സഹായത്തോടെ നടത്തിയ അണ്ണ ഹസാരെയുടെ സമരത്തെ വിജയ പാതയില്‍ എത്തിക്കുവാന്‍ ഇവര്‍ക്കായി.മോഡിയുടെ സദ്ഭാവന സത്യാഗ്രഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് , മോഡി ആണ് അടുത്ത പ്രധാനമന്ത്രി എന്ന നിലയില്‍ അമേരിക്കന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുവാന്‍ ഇവര്‍ക്ക് സാധിച്ചു. അടുത്ത തെരഞ്ഞെടുപ്പ്‌ നരേന്ദ്ര മോഡിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള പോരാട്ടം ആയിരിക്കു മെന്നും, രാഹുലിനെ എതിര്‍ക്കുവാന്‍ കരുത്തനായ സ്ഥാനാര്‍ഥി മോഡി ആണ് എന്നും കോണ്‍ഗ്രെഷണല്‍ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കുവാന്‍ നരേന്ദ്ര മോഡിക്ക് ആകും എന്നവര്‍ കണക്ക് കൂട്ടുന്നു. പ്രധാനമന്ത്രി കുപ്പായം തയ്പ്പിച്ച സുഷമയും ജയ്‌റ്റലിയും ഗാഡ്കാരിയും എല്ലാം പെട്ടെന്ന് നിഷ്പ്രഭരായി. നാഗ്പൂരിലെ ആര്‍ എസ്സ എസ്സ് ആസ്ഥാനത്തേക്ക് സാക്ഷാല്‍ അദ്വാനിയെ വിളിപ്പിച്ചു, അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആകുവാന്‍ അദ്വാനി ഇല്ല എന്ന് പറയിപ്പിച്ചു.വികസന വാദം.


അടല്‍ ബിഹാരി വാജ്പെയിയുടെ ഭരണത്തിന്‍റെ  അവസാന കാലത്ത് 'ഇന്ത്യ തിളങ്ങുന്നു' എന്ന  സ്ലോഗന്‍  ആയിരുന്നു, ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത്.ഇപ്പോള്‍ ,മോഡിയുടെ ഗുജറാത്ത്‌, "വൈബ്രന്‍റ്  ഗുജറാത്ത്"‌ ആണ് അവര്‍ക്ക് . നരേന്ദ്ര മോഡി എന്നാല്‍ 'വൈബ്രന്‍റ്  ഗുജറാത്ത്'‌ എന്ന അര്‍ത്ഥത്തില്‍ ആണ് പബ്ലിക് റിലേഷന്‍സ്‌ വകുപ്പ്‌ അവരുടെ പരസ്യങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. വിദേശ നിക്ഷേപ രൂപീകരണത്തിനായി ഒരു ഇന്‍വെസ്റ്റ്‌മെന്‍റ്  പോര്‍ട്ട്‌ഫോളിയോ തയ്യാറാക്കിയപ്പോള്‍ വളരെ കരുതലോടു കൂടി ആണ് ഓരോ കാര്യങ്ങളും നടത്തിയത്. ഗള്‍ഫ്‌ രാജ്യങ്ങളിലും മറ്റു മുസ്ലീം രാജ്യങ്ങളിലും ഈ സംഘത്തില്‍ മുസ്ലീം അംഗംങ്ങളെ ഇവര്‍ വളരെ വിദഗ്ധമായി ഉള്‍പ്പെടുത്തി.


മുസ്ലീം വംശഹത്യ നടത്തിയവര്‍ , മുസ്ലീങ്ങളിലെ വാണിജ്യ വിഭാഗങ്ങളില്‍ ഒന്നായ സുന്നി ബോഹ്ര മുസ്ലീങ്ങളെ തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിച്ചു. അവര്‍ക്ക് കച്ചവടത്തിന് വേണ്ടുന്ന ഇളവുകള്‍ കൊടുക്കുകയും, അവരുമായി ആലിംഗനത്തില്‍ നില്‍ക്കുന്ന ഫോട്ടോകള്‍ പ്രസിദ്ധീകരിക്കു കയും  , അത് വഴി മോഡി ഒരു മുസ്ലീം പുനരുദ്ധാരകന്‍ ആണ് എന്ന ലേബല്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷവും കലാപത്തിനു ഇരയായ മുസ്ലീംങ്ങളെ പൂര്‍ണ്ണമായി പുനരധിവസിപ്പിക്കു വാന്‍ സര്‍ക്കാരിനു ആയിട്ടില്ല. ഇപ്പോഴും ജുഹുല്‍പുര ഇതിനൊരു ഉദാഹരണം ആണ്. സാമൂഹികമായും സാമ്പത്തീകമായും ഇന്നും അവര്‍ അവഗണിക്കപ്പെടുന്നു. കച്ചവട സ്ഥാപനങ്ങള്‍ നഷ്ടമായി പല മുസ്ലീം കച്ചവടക്കാരും തങ്ങളുടെ കച്ചവടം പുനരുജ്ജീവിപ്പിക്കുവാന്‍ വീണ്ടും ശ്രമം തുടങ്ങി. അവര്‍ തങ്ങളുടെ കച്ചവട സ്ഥാപനങ്ങളുടെ പേരുകള്‍ പോലും ഹൈന്ദവീകരിചിരിക്കുന്നു, മറ്റൊരു ആക്രമണം ഭയന്ന്. ഗുജറാത്തില്‍ 9 ശതമാനത്തില്‍ താഴെ ആണ് മുസ്ലീം ജനസംഖ്യ. അതില്‍ വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് തങ്ങളുടെ കച്ചവട താല്പര്യം മുന്‍നിര്‍ത്തി മോഡിയോടൊപ്പം നില്‍ക്കുന്നത്. മുസ്ലീം ജനസംഖ്യയില്‍ 12 ശതമാനത്തിനു മാത്രമേ ഗുജറാത്തില്‍ ഏതെങ്കിലും ഒരു ബാങ്കില്‍ അക്കൗണ്ട്‌ ഉള്ളു, അതില്‍ തന്നെ ബാങ്ക് ലോണ്‍ കിട്ടാന്‍ അര്‍ഹതയുള്ളവര്‍ കേവലം   3 ശതമാനത്തില്‍ താഴെ മാത്രം. ഗുജറാത്തില്‍ മുസ്ലീമുകള്‍ക്ക് ജോലി ലഭിക്കുക എന്നത് ഇന്നും ഒരു മരീചികയാണ്. വിദ്യാഭ്യാസ നിലവാരത്തില്‍ ഗുജറാത്ത്‌ ഇന്ന് ബീഹാറി നെക്കാള്‍ പിന്നില്‍ ആണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ടെക്സ്റ്റയില്‍സ് , ഡയമണ്ട് ബിസിനെസ്സില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മുസ്ലീംകള്‍ ഇന്ന് എല്ലായിടത്തും പിന്തള്ളപ്പെട്ടിരിക്കുന്നു. ഒറീസ , ബീഹാര്‍, ജാര്‍ഖണ്ട് എന്നിവിടങ്ങളിലെക്കാള്‍ പട്ടിണി ഇന്ന് ഗുജറാത്തില്‍ നില നില്‍ക്കുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പട്ടിണി ഉള്ള ജില്ലകള്‍ ഇന്നും ഗുജറാത്തില്‍ ആണ്. 'വൈബ്രന്‍റ്  ഗുജറാത്ത്'‌ സമ്മേളനങ്ങളില്‍ കോടിക്കണക്കിനു രൂപയുടെ കരാറുകള്‍ ഒപ്പിട്ടു ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നു‌ എന്നേയുള്ളു പദ്ധതികള്‍ എല്ലാം കടലാസുകളില്‍ മാത്രം. കരാര്‍ ഒപ്പിട്ട പദ്ധതികളില്‍ തന്നെ 20 ശതമാനം മാത്രമാണ് നടപ്പില്‍ വരുത്തുന്ന ഘട്ടത്തില്‍ ഉള്ളത്. പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരും കോടീശ്വരന്മാര്‍ കൂടുതല്‍ സമ്പന്നരും ആകുന്നു എന്നതാണ് മോഡിയുടെ വികസന പ്രക്രിയയുടെ പ്രത്യക്ഷ ഫലം . ടീ വി യിലും മാധ്യമങ്ങളിലും കട്ട്‌ ഔട്ട്‌ കളിലും മാത്രം ഒതുങ്ങുന്ന വികസനം ആണ് ഗുജറാത്തിലെ വികസനം.ശിഷ്ടകാലം.


മോഡിയെ മോടിയാക്കി, ഇന്ത്യന്‍ മനസുകളിലെ  താരമാക്കുവാന്‍ അത്യദ്ധ്വാനം ചെയ്യുകയാണ് സംഘ പരിവാര്‍ നേതൃത്വവും കോര്‍പൊറേറ്റുകളും. ഇന്ത്യയുടെ വിജയത്തില്‍ , വളര്‍ച്ചയില്‍ അതൃപ്തി ഉള്ള ചില വിദേശ ശക്തികളും മോഡിയെ ഫലപ്രദമായി ഉപയോഗിക്കുന്നു. ഏറ്റവും ഒടുവില്‍ ഇറങ്ങിയ ലൈഫ് സ്റ്റൈല്‍ മാഗസിന്‍ ആയ സൊസൈറ്റി മാസികയുടെ കവര്‍ പോലും , ബോളി വുഡ് , ഹോളി വുഡ് അഭിനേതാക്കളെ   മാറ്റി നിര്‍ത്തി 'മോഡിവിജയം' ആഘോഷിക്കുന്നു.

ഗുജറാത്തില്‍ ഏറ്റവും അധിക കാലം മുഖ്യമന്ത്രി ആയിരുന്നത് നരേന്ദ്ര മോഡി ആണ്. മോഡിയുടെ ഭരണത്തോട് ഗുജറാത്തില്‍ തന്നെ എതിര്‍പ്പ് കൂടി വരുന്നു എന്നതിന്‍റെ  തെളിവാണ് ഏപ്രിലില്‍ ഗാന്ധിനഗര്‍ മുനിസിപ്പല്‍ തെരഞ്ഞെടു പ്പില്‍ മോഡിക്കും ബി ജെ പി ക്കും ഉണ്ടായ പരാജയം. ബി ജെ പി യുടെ മുതിര്‍ന്ന നേതാവായ അദ്വാനിയുടെ സ്ഥിരം ലോകസഭ മണ്ഡലം കൂടി ആണ് ഗാന്ധി നഗര്‍ എന്നത് പ്രത്യേകം ഓര്‍ക്കണം . ഗുജറാത്തിലെ സാധാരണ ജനങ്ങള്‍ ഇപ്പോഴും ദാരിദ്രത്തിലാണ് . സര്‍ക്കാരിന്‍റെ  പ്രവര്‍ത്തനങ്ങളില്‍ അവര്‍ അതൃപ്തരാണ്.  ഗുജറാത്തിലെ കൊള്ളാവുന്ന സ്ഥലങ്ങള്‍ ഒക്കെയും തന്നെ പിന്‍ തുണക്കുന്ന കോര്‍പറേറ്റുകള്‍ക്ക് പണയപ്പെടുത്തിയിരിക്കയാണ് മോഡി സര്‍ക്കാര്‍ , അഴിമതി അതിന്‍റെ  പാരമ്യതയില്‍ ആണെങ്കിലും അതൊക്കെയും മൂടി വെക്കുവാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനു കഴിയുന്നു... അടുത്ത വര്‍ഷം  നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മോഡി ഒരു പ്രധാനമന്ത്രി 'ഉല്പന്നം' ആണ് എന്ന് ബോധ്യപ്പെടുത്തി ഗുജറാത്ത് നഷ്ടപ്പെടാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് വിജയത്തിനായി സംഘ പരിവാര്‍ ഇനിയും ഇന്ത്യയില്‍  കലാപങ്ങള്‍ സൃഷ്ടിക്കുമോ എന്ന ആശങ്കയും അസ്ഥാനത്തല്ല...



എഴുതിയത് ജെയിംസ്‌ വര്‍ഗീസ്‌
                                                                                                               

2011, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

അമ്മ അറിയാന്‍ : മൂന്നാം സിനിമയുടെ ലാവണ്യഭൂമിക...


സോബിന്‍കുമാര്‍

“ഞാന്‍ പല വസ്തുക്കളാണ്. അവയ്ക്കിടയില്‍
പൊരുത്തമുണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കാറില്ല.
ഭിന്നതകളെല്ലാം പരിഹരിച്ച് വിടവുകളെല്ലാം
അടയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളല്ല ഞാന്‍.
ഭിന്നതകളിലാണ് ഞാന്‍ ജീവിക്കുന്നത്”
.
- എഡ്‌വേഡ് സെയ്ദ് -



തുടക്കങ്ങളില്‍ നിര്‍ത്തുവാനോ ഒടുക്കങ്ങളില്‍ ഒതുക്കുവാനോ പാതിയില്‍ ഇട്ടേച്ചു പോകുവാനോ ആകാത്ത ഒരപൂര്‍വ്വതയാണ് ജോണ്‍ എബ്രഹാം. അന്വേഷിക്കുന്നവന്റേയും അലയുന്നവന്റേയും പീഢിത രൂപങ്ങളുടെ പ്രതിനിധാനമായി ജോണിനെകാണാം. ജീവിതത്തിന്റെ വന്യതയെ ആഘോഷിച്ച് വസന്തങ്ങളുടെ പൂക്കാലം തെരുവിലെ ജീവിതങ്ങളിലാണെന്ന് സത്യസന്ധമായി വിശ്വസിച്ച കലാകാരനാണ് ജോണ്‍ എബ്രഹാം. തെരുവും, അഗ്രഹാരവും, പള്ളിമേടകളും, കള്ളുഷാപ്പുകളും, വില കൂടിയ റസ്റ്റോറന്റുകളും സമാന്തരമായി അളന്നത് കൊണ്ടാകാം ഇല്ലായ്മക്കാരന്റെ വരുതികളെ, വിശ്വാസങ്ങളെ, സ്‌നേഹത്തെ നെഞ്ചിലേറ്റാന്‍ ജോണ്‍ എബ്രഹാം എന്ന സിനിമാക്കാരനായത്. സിനിമയുടെ മായികതട്ടകം ഒളിപ്പിച്ചു നടത്തുന്ന വരേണ്യവും, സമ്പന്നവുമായ ചോദനകളെ റദ്ദാക്കുകയും. ജനകീയ വീക്ഷണത്തിന്റെ ബദല്‍ സിനിമാ സങ്കല്‍പ്പം മാലയാളത്തിന് പരിചയപ്പെടുത്തുകയും ചെയ്ത ജോണ്‍, സിനിമയെ തന്നെ രാഷ്ട്രീയമാക്കുകയാണ്(യായിരുന്നു) ചെയ്തത്. ജോണ്‍ എബ്രഹാം ‘അമ്മ അറിയാന്‍’ (1986) എന്ന സിനിമയെ രാഷ്ട്രീയമാക്കുകായിരുന്നു. മൂന്നാം ലോക സിനിമയുടെ പ്രത്യയ ശാസ്ത്ര ചര്‍ച്ചയോട് ചേര്‍ത്ത് കാണാനുള്ള എളിയ ശ്രമമാണ് ഈ പഠനം.

ആന്തരിക/ബാഹ്യ വൈകാരികതയെ തൃപ്തിപ്പെടുത്തുന്ന കാലാരൂപം എന്ന നിലയില്‍ നിന്നും സിനിമ, രാഷ്ട്രീയ വിവക്ഷകളും ബൗദ്ധികതയും ചേര്‍ന്ന് കനം വയ്ക്കുന്ന കലാപമാധ്യമമായി പരിവര്‍ത്തനം ചെയ്തിട്ട് നാളേറെയായിരിക്കുന്നു. സ്വപ്നം/യാഥാര്‍ത്ഥ്യം, നേര്/നുണ, ശാന്തം/ അശാന്തം, സുന്ദരം/വിരൂപം തുടങ്ങി ദ്വന്ദാത്മകമായ കാഴ്ചയുടെ അറിവിടങ്ങളായി സിനിമ വര്‍ത്തിക്കുകയും ജ്ഞാനോത്പാദനത്തിന്റെ പുതുഭൂമികയായി തീരുകയും ചെയ്യുന്നു. അറിവ് ദൃശ്യാനുഭങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്നു. അങ്ങനെസിനിമ കാഴ്ചയുടെ പാഠങ്ങളായി പരിണമിക്കുകയും ഓരോ സിനിമയും ലോകത്തെ കാണാനുള്ള കണ്ണായി മാറുകയും ചെയ്യുന്നു. അതായത് ലോകത്തെ അറിയണമെങ്കില്‍ സിനിമ കാണണം എന്ന നില. ഇരുപതാം നൂറ്റാണ്ടിന്റെ കലയെന്ന് ലെനിന്‍ വിശേഷിപ്പിച്ച സിനിമ വളരെ പെട്ടെന്ന് ലോകത്താകെ പടരുകയും ജനവികാരമായി മാറുകയും ചെയ്തു. ഇന്ന് സിനിമയ്ക്ക് ജനങ്ങളിലുള്ള സ്വാധീനം വളരെ നിര്‍ണ്ണായകരമായിരിക്കുന്നു. കേവലം ഒരു സൗന്ദര്യ വസ്തു, ഒരു വിനോദോപാധി എന്ന നിലയിലുള്ള സമീപനം സിനിമയെ സംബന്ധിച്ചിടത്തോളം അപര്യാപ്തമാണ്. ഇതിവൃത്തത്തിന് ചുരുളഴിയാനുള്ള നിര്‍ദോഷമായ ഒരു ഇടം അല്ല സെല്ലുലോയ്ഡ് എന്നര്‍ത്ഥം.


പുത്തന്‍ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതി ലോകത്തെയാകെ റാഞ്ചിക്കൊണ്ടിരിക്കുന്ന ഇക്കാലയളവില്‍ ജനങ്ങളുടെ ജീവിത സംസ്‌കാരത്തെപ്പറ്റി ചിന്തിക്കുന്നതും, സാംസ്‌കാരികോത്പന്നം എന്ന നിലയില്‍ ‘കലയില്‍’ നിലനില്‍ക്കുന്നതും നിലനിര്‍ത്തുന്നതുമായ സാംസ്‌കാരിക പരിസരങ്ങളെപ്പറ്റി പുനരാലോചിക്കേണ്ടതും അത്യാവശ്യമാണ്. ജീവിതത്തെപ്പോലും എങ്ങനെ ലാഭകരമായി ഉപയോഗിക്കാം എന്ന് ചിന്തിക്കുന്ന കമ്പോള മന:സ്ഥിതിയ്ക്കകത്ത് പണം സൃഷ്ടിക്കുന്ന വിടവുകള്‍ക്കിടയില്‍ രൂപപ്പെട്ടു വരുന്ന തട്ടുകള്‍; ജനതയെ നിലനിര്‍ത്തുന്നത് തന്നെ അസമത്വങ്ങളുടെ ശ്രേണികളോടെയാണ്. ലോകത്തെയാകെ ഒറ്റമാര്‍ക്കറ്റായി കാണുന്ന ആഗോളകണ്ണുകളോടെയാണ്. മുതലാളിത്ത-സാമ്രാജ്യത്വ രാജ്യങ്ങള്‍ വിപണികളിലേക്ക് എത്തുന്നത്. വിപണി മേല്‍ക്കോയ്മ വച്ച് പുലര്‍ത്തുന്ന ഒറ്റമേല്‍ക്കൂര സമൂഹവിഭാവനം യഥാര്‍ത്ഥത്തില്‍ മുതലാളിത്തത്തിന്റെ ലാഭബോധം മാത്രമാണ് ലോകത്തില്‍ നടപ്പിലാക്കുന്നത്. ഇതിലൂടെ എല്ലാം ചരക്കുവത്കരിക്കുകയും ലോകത്താകമാനമുള്ള മനുഷ്യന്റെ ജീവിതം തന്നെ ചരക്കായി മാറുകയും ചെയ്യുന്നു. ഇത്തരം അധിനിവേശ മന:സ്ഥിതി തിരിച്ചറിയുന്നതിലൂടെ മൂന്നാം ലോക ജനത സമരസപ്പെടാനാവാത്ത ബദല്‍ നിര്‍മ്മിതികള്‍ കണ്ടെടുക്കുകയും അവയെ പ്രയോഗ സാധ്യമാക്കുകയും ചെയ്യുന്നു. ഇങ്ങനെയൊരു തിരിച്ചറിവാണ് അക്ഷരാര്‍ത്ഥത്തില്‍ ‘മൂന്നാംലോക സിനിമ’ എന്ന കാഴ്ചപ്പാട്...

മാറിമാറി വരുന്ന ദൃശ്യസംസ്‌കാരം സിനിമയുടെ സങ്കേതങ്ങളിലും ആശയ സങ്കല്‍പ്പങ്ങളിലും വ്യത്യസ്തമായ വീക്ഷണങ്ങളാണ് കൊണ്ടുവരുന്നത്. ലവിസ്‌ട്രോസ്സിന്റെ ഘടകാത്മക നരവംശ ശാസ്ത്രം, ലകാന്റെ മനോവിശ്ലേഷണ രചനകള്‍, മിഷേല്‍ ഫുക്കോയുടേയും റൊളാങ് ബാര്‍തിന്റെയും രാഷ്ട്രീയ-സാംസ്‌കാരിക ചരിത്ര വിജ്ഞാനം, ഗ്രാംഷിയുടെയും അല്‍ത്തൂസറുടെയും പ്രത്യയ ശാസ്ത്ര ചര്‍ച്ചകള്‍, ഫ്രാന്‍സ് ഫാനന്റെ വംശീയ പഠനങ്ങള്‍ തുടങ്ങി വ്യത്യസ്ഥമായ ദര്‍ശന/പ്രത്യയ ശാസ്ത്രങ്ങള്‍ സിനിമയുടെ കാഴ്ചപ്പാടിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതില്‍ ഫ്രാന്‍സ് ഫാനന്റെ വംശീയ പഠനങ്ങളുടെ പാഠഭേദങ്ങളാണ് മൂന്നാം ലോക സിനിമയുടെ രാഷ്ട്രീയ ഭൂമിക ചിട്ടപ്പെടുത്തിയത്. മുഖ്യധാര സിനിമകളുടെ ആശയ സംഹിതകളോട് പൊരുതി നില്‍ക്കുന്ന മൂന്നാം സിനിമ പ്രത്യയ ശാസ്ത്രപരമായി വറുതിയുടെയും വിശപ്പിന്റേയും കലാപങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. സൊളാനസ്/ജെറ്റിനി എന്നിവരിലൂടെ (ഇവരാണ് മൂന്നാം സിനിമയുടെ മാനിഫെസ്റ്റോ എന്ന് കരുതുന്ന ദ അവര്‍ ഓഫ് ഫര്‍ണസ് (1968) നിര്‍മ്മിച്ചത്.) ദൃശ്യവത്കൃതമായ മൂന്നാം സിനിമയുടെ രാഷ്ട്രീയ പരിവര്‍ത്തനങ്ങളുടെ തുടര്‍ച്ച കാണാവുന്ന സിനിമയാണ് ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍

മൂന്നാംസിനിമ : വറുതിയുടേയും വിശപ്പിന്റേയും സൗന്ദര്യ ശാസ്ത്രം

മുഖ്യധാര സിനിമകളുടെ ആശയസംഹിതകളോട് കലഹിച്ചും അവിശ്വാസം രേഖപ്പെടുത്തിയുമാണ് മൂന്നാം സിനിമ എന്ന സങ്കല്‍പം നിലവില്‍ വരുന്നത്. ഫെര്‍നാന്റോ സെലാനസ് / ഒക്‌റ്റെവ്യോ ജെനിറ്റി എന്നിവരാണ് മൂന്നാം സിനിമയെന്ന സംവര്‍ഗത്തിന് സിനിമയിലൂടെയും ചര്‍ച്ചയിലൂടെയും പ്രചാരം നല്‍കിയത്. അമേരിക്കയുള്‍പ്പെട്ട മുതലാളിത്ത രാജ്യങ്ങളുടേയും സോവിയറ്റ് യൂണിയനും മറ്റും ചേര്‍ന്ന സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടേയും വമ്പന്‍ സാന്നിധ്യം എക്കാലത്തും തമസ്‌കരിച്ച് പോന്നിട്ടുള്ള മൂന്നാം ലോകത്തിന്റെ പ്രതിനിധാനങ്ങള്‍ എന്ന നിലയ്ക്കാണ് മൂന്നാം സിനിമ ഇന്ന് അറിയപ്പെടുന്നത്. ദേശീയമായും രാഷ്ട്രീയമായും ചരിത്രപരമായും നിരന്തരം പുറന്തള്ളപ്പെടുകയും ന്യൂനീകരിക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ സ്വത്വപരമായ ധര്‍മ്മസങ്കടങ്ങളുടെ സൂചകമെന്ന നിലയ്ക്കാണ് ഇങ്ങനെയൊരു സങ്കല്‍പ്പം ഉരുത്തിരിഞ്ഞത്. (ഡോ. പി.എസ്. രാധാകൃഷ്ണന്‍,2003) യഥാര്‍ത്ഥത്തില്‍ ആശയവിനിമയത്തിന്റെ പുതിയ വര്‍ത്തമാനമായിരുന്നു മൂന്നാം സിനിമ.


വിശപ്പിന്റെസൗന്ദര്യശാസ്ത്രം(Aesthetics & Hunger,1965)എന്ന പ്രബന്ധത്തിലൂടെ ഗ്ലോബര്‍ റോഷോ ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളുടെ മൗലികത നിര്‍ണ്ണയിക്കുന്നത് അതിലടങ്ങിയ വിശപ്പാണെന്ന് വാദിച്ചു. വിശപ്പിന്റെ ഏറ്റവും ശ്രേഷ്ഠമായ സാംസ്‌കാരിക പ്രത്യക്ഷം അക്രമമാണെന്ന വിശ്വാസമായിരുന്നു ഇതിന് പിന്നില്‍. ‘കയ്യിലൊരു ക്യാമറയും തലയിലൊരു ആശയവും മാത്രമേ ഇതിനാവശ്യമുള്ളൂ. ഇതിനായി സംവിധായകര്‍ അസംബന്ധതമുറ്റിയ സൗന്ദര്യ പക്ഷവാദിയോ, കാല്‍പ്പനിക ദേശീയവാദിയോ ഒന്നുമാവേണ്ടതില്ല. അയാള്‍ ആദ്യാവസാനം ഒരു കലാപകാരിയായാല്‍മതി. സാങ്കേതികമായ അപൂര്‍ണ്ണത, നാടകീയമായ അപസ്വരത, കാവ്യാത്മകമായ വിപ്ലവപരത, സാമൂഹ്യശാസ്ത്രപരമായ അകൃത്യത – ഇവയായിരുന്നു റോഷോയുടെ സിനിമാ സങ്കല്‍പ്പനത്തിലെ സമവാക്യങ്ങള്‍(ഡോ. പി.എസ്. രാധാകൃഷ്ണന്‍, 2003). റോഷോയുടെ ദര്‍ശനങ്ങളെ പ്രതിനിധാനം ചെയ്യുന്ന സിനിമകള്‍ ആണ് സൊളാസ്/ജെറ്റിനി ദ്വയം നിര്‍മ്മിച്ചെടുത്തത്. ഇത്തരം മൂന്നാം സിനിമകളുടെ തുടര്‍ച്ചകള്‍ ബൂര്‍ഷ്വാസംസ്‌കാരം രൂപപ്പെടുത്തിയ സാമ്രാജ്യത്വ സിനിമാ മാതൃകകളെ ചുട്ടെരിക്കുന്നുണ്ട്. കമ്പോളങ്ങളെ മാത്രം കേന്ദ്രീകരിച്ചു കൊണ്ട് നിര്‍മ്മിക്കുന്ന മുതലാളിത്ത സിനിമകളില്‍ നിന്ന് വിപ്ലവ സിനിമകള്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും സിനിമയുടെ എല്ലാ മേഖലകളിലും ജനപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. യാഥാര്‍ത്ഥ്യങ്ങളുമായുള്ള സിനിമയുടെ ബന്ധം ജനങ്ങളില്‍ സിനിമ തങ്ങളുടെ ദൈനംദിനസമരങ്ങളുടെ ഭാഗമാണെന്ന ബോധം ജനിപ്പിക്കുന്നു.

ജനകീയതയുടേയും വിപ്ലവാത്മകതകളുടേയും ഭാഷ്യം പുറത്ത് വിടുന്ന മൂന്നാം സിനിമയുടെ അവതരണം/പ്രത്യയ ശാസ്ത്രം സൊളാനസ്/ജെറ്റിനി ദ്വയം ‘ദ അവര്‍ ഓഫ് ഫര്‍ണസസ്’ (1968) – തീച്ചൂളകളുടെകാലം – എന്ന ചിത്രത്തിലൂടെ സാക്ഷാത്കൃതമാക്കുകയായിരുന്നു. സിനിമയുടെ പ്രദര്‍ശനവും അതേ തുടര്‍ന്ന് ചര്‍ച്ചകളും കേള്‍ക്കുന്നതുകൊണ്ടാണ് തങ്ങളുടെ സംരഭത്തില്‍ അവര്‍ ജനപങ്കാളിത്തം ഉറപ്പാക്കിയത്. സിനിമയുടെ കാഴ്ച തന്നെ ചരിത്രപരമായ ഒരു ഏറ്റുമുട്ടലാണെന്നായിരുന്നു സൊളാനസ്/ജെറ്റിനിമാരുടെ വിചാരം. ബഹുജനമധ്യത്തില്‍ വെച്ച് വിമോചിതമാകുന്ന ചലചിത്രങ്ങള്‍ക്കേ പ്രസക്തിയുള്ളൂവെന്ന് ഇവര്‍ വാദിച്ചു. അതിലൂടെ അന്തമില്ലാത്തതോ തുറന്ന അന്ത്യത്തോട് കൂടിയതോ ആയ ‘ഫിലിം ആക്ട്’ എന്ന സങ്കല്‍പ്പത്തിലാണവര്‍ എത്തിച്ചേര്‍ന്നത്. ചലചിത്ര പ്രദര്‍ശനങ്ങളിലൂടെ രാഷ്ട്രീയവത്ക്കരിക്കപ്പെടുന്ന പ്രേക്ഷകര്‍ തങ്ങളുടെ പ്രതികരണങ്ങള്‍ തുറന്നു പ്രകടിപ്പിക്കുക വഴി സ്വയം അഭിനേതാക്കളായി രൂപന്തരപ്പെടുന്നു എന്ന ആശയമായിരുന്നു ‘ഫിലിം ആക്ടിലൂടെ’ വെളിച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചത്.

വ്യവസ്ഥാപിത സൗന്ദര്യ മീമാംസകരുടേയും നിരൂപകവരേണ്യരുടേയും വിലയിരുത്തലുകള്‍ക്ക് ഇരുന്നു കൊടുക്കാന്‍ പറ്റാത്ത തരത്തിലുള്ള സിനിമകളാണ് മൂന്നാം ലോകത്തിലേത്. തങ്ങളുടെ സൃഷ്ടികളെ നിലനില്‍പ്പിന്റെ ഭാഗമായി കരുതുന്ന ഒരു ജനത തങ്ങളെ ഉറ്റുനോക്കുന്നുണ്ടെന്ന ബോധം മൂന്നാം സിനിമയുടെ ചലചിത്രകാരനെ ക്യാമറ തോക്കായി ഉപയോഗിക്കാന്‍ പ്രേരണ നല്‍കുന്നു. ഗറില്ല സമരതന്ത്രങ്ങളിലൂന്നിയ കാഴ്ചപ്പാടുകളും ചടുലമായ പ്രവര്‍ത്തനങ്ങളും അയാളില്‍ നിക്ഷിപ്തമായിരിക്കും. ദൃശ്യങ്ങളാകുന്ന ആയുധങ്ങളുപയോഗിച്ച് ക്ഷീണമറിയാതെ പൊരുതുന്ന പോരാളിയാണ് അയാളുടെ പ്രൊജക്ടര്‍. ഇങ്ങനെ സിനിമയുടെ ഓരോ മേഖലയിലും സൂക്ഷ്മവും അതീവ ജാഗ്രതാപരവുമായ പ്രതികരണങ്ങളാണ് മൂന്നാം സിനിമ മുന്നോട്ട് വയ്ക്കുന്നത്...




ബഹുജനവും സിനിമയും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്ന ഒരപൂര്‍ണ്ണ സിനിമയാണ് മൂന്നാം ലോകം ആഹ്വാനം ചെയ്തത്. ബഹുജനമുന്നേറ്റം സിനിമയുടെ എല്ലായിടത്തും കാണാനാവും. സിനിമയുടെ നിര്‍മ്മാണം, വിതരണം, പ്രദര്‍ശനം എന്നിടത്തെല്ലാം ജനകീയമായ ഈ കൂട്ടായ്മ കാണാനാവും. ജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന പണമുപയോഗിച്ച് നിര്‍വഹിച്ച ചിത്രങ്ങള്‍ ജനങ്ങളുടെ ഇടയില്‍ കാണിക്കുന്ന ശൈലിയാണ് മൂന്നാം സിനിമയുടേത്. നാട്ടിന്‍പുറങ്ങള്‍, സാംസ്‌കാരി കേന്ദ്രങ്ങള്‍, തെരുവുകള്‍, വീടുകള്‍ എന്നിവയെല്ലാം പ്രദര്‍ശനകേന്ദ്രങ്ങളാവുന്നു. ഇവിടെ സിനിമ/സംവിധായകന്‍/പ്രേക്ഷകന്‍ എന്നീ തട്ടുകള്‍ ഇല്ലാതാവുന്നു. വര്‍ത്തമാനകാലത്തിന്റെ ആവശ്യമായ അപൂര്‍ണ സിനിമയായി മൂന്നാം സിനിമ മാറുന്നു. സിനിമവിമര്‍ശനപ്രകൃയയ്ക്ക് വിധേയമാവുന്നു. സാംസ്‌കാരികവിമര്‍ശനത്തിന് പ്രേക്ഷകന് സിനിമയില്‍ കടന്ന് കൂടുവാനുള്ള വഴി തുറക്കപ്പെടുകയും ചെയ്യുന്നു. മൂന്നാം സിനിമയുടെ രാഷ്ട്രീയപരത ജനങ്ങളുടെ കാഴ്ചകള്‍ക്ക് തിടം വയ്ക്കുകയും അവര്‍ വിപ്ലവാഭിമുഖ്യം ഉള്ളവരാവുകയും ചെയ്യുന്നു. അങ്ങനെ; സിനിമ രാഷ്ട്രീയമായ ഒരിടപെടലായി-കലാപമായി മാറുന്നു.

അമ്മ അറിയാന്‍ : മൂന്നാം സിനിമയുടെ ലാവണ്യഭൂമിക 

എഴുപതുകളിലെയും എണ്‍പതുകളിലേയും ഭാവുകത്വ പരിണാമത്തന്റെ ചരിത്ര മുഹൂര്‍ത്തത്തിലേക്കാണ് ജോണ്‍ എബ്രഹാം എന്ന സംവിധായകന്റെ കടന്നുവരവ്. ആധുനികാവാദവും ഇടത് തീവ്രതയും പങ്കിട്ട ആശയ പരിസരത്തേയ്ക്കാണ് ജോണ്‍ എത്തിപ്പെടുന്നത്. ജീവിതത്തെപ്പറ്റിയുള്ള ഉത്കണ്ഠകള്‍, സമൂഹത്തെപ്പറ്റിയുള്ള ആശങ്കകള്‍ നിറഞ്ഞ അരക്ഷിതമായ കാലം. ഇക്കാലയളവ് ‘വീടിറങ്ങുന്ന ഉണ്ണികളെ’ പ്രതീകവത്ക്കരിക്കുന്ന ആധുനികതകളുടേയും ഇടതു തീവ്രതകളുടേയും വേവലാതികളുടെ ഒരവസ്ഥ കൂടിയാണ്. ഇവിടെയാണ് ജനകീയ സിനിമകളുടെ രാഷ്ട്രീയവുമായി ജോണ്‍ വന്നെത്തുന്നതും, ‘ഇത്തിരിപൂവേ ചുവന്ന പൂവേ’ (ഭരതന്‍ 1984), ‘കബനീ നദി ചുവന്നപ്പോള്‍’ (പി.എ. ബക്കര്‍) എന്നീ രാഷ്ട്രീയ വിപ്ലവ കാലാവസ്ഥയുള്ള സിനിമാ വഴിയെ കൈവിട്ട് മൂന്നാം ലോകസിനിമയുടെ തച്ചുശാസ്ത്രത്തില്‍ വാര്‍ത്തെടുത്ത ‘അമ്മ അറിയാന്‍’(1986) എന്ന സിനിമ പൂര്‍ത്തിയാക്കുന്നത്. ഈ സിനിമ പൂര്‍വ്വ വിപ്ലവ മാതൃക സിനിമകളെ തിരസ്‌ക്കരിക്കുകയും, വിപ്ലവ സിനിമയ്ക്ക് പുതിയൊരു മുഖം നല്‍കുകയും ചെയ്തു.

മൂന്നാം സിനിമയുടെ ലാവണ്യ ശാസ്ത്ര പാഠങ്ങള്‍ ഉള്‍ക്കൊണ്ട ചിത്രമാണ് അമ്മ അറിയാന്‍. സാമൂഹ്യ രാഷ്ട്രീയാവസ്ഥകളെ മൂടുപടമില്ലാതെ തുറന്ന് കാട്ടുന്ന ഈ ചിത്രം ജനകീയ സിനിമകളുടെ മാനിഫെസ്റ്റോ ആയി ഇന്ത്യയില്‍ തന്നെ എടുത്ത് കാണിക്കാവുന്നതാണ്. സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളിലൂടെ ക്യാമറ തോക്കായി ചലിപ്പിക്കുന്ന മൂന്നാം സിനിമയുടെ ചിത്രീകരണ രീതിയാണ് ജോണ്‍ ഇതില്‍ പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്. വീടിറങ്ങിപ്പോകുന്ന മകന്‍ അമ്മക്കെഴുതുന്ന കത്തുകളാണ് സിനിമയുടെ ഉള്ളടക്കം. കത്തിലൂടെ മകന്‍ കണ്ട സാമൂഹ്യാവസ്ഥകള്‍ ചിത്രത്തില്‍ വന്നുചേരുമ്പോള്‍ നിയതമായ കഥയുടെ ചട്ടക്കൂടുകളെ സിനിമ തകര്‍ത്തെറിയുകയും സിനിമ ജനകീയ സ്വഭാവം കൈവരിക്കുകയും ചെയ്യുന്നു. സിനിമയുടെ നിര്‍മ്മാണം, വിതരണം, പ്രദര്‍ശനം എന്നിവ പരിശോധിക്കുമ്പോഴും മൂന്നാം ലോക സിനിമയുമായി ‘അമ്മ അറിയാന്‍’ തുല്യതപ്പെടുന്നത് കാണാം. സിനിമ ജനകീയ കലയാണെന്ന ജോണിന്റെ ചിന്താഗതി ‘അമ്മ അറിയാനില്‍’ ദൃശ്യമാണ്.


ജനകീയ സിനിമാ നിര്‍മ്മാണ ശൈലി എന്ന ആശയത്തോടെ ജോണ്‍; സി.പി.ഐ(എം-എല്‍) പാര്‍ട്ടി അനുഭാവികള്‍ക്കൊപ്പം ചേര്‍ന്ന് ‘ഒഡേസ’ എന്ന ജനകീയ സിനിമാ പ്രസ്ഥാനം നിര്‍മ്മിച്ച ചിത്രമാണ് ‘അമ്മ അറിയാന്‍’ (1986). മൂന്നാം സിനിമയുടെ

നിര്‍മ്മാണ പ്രവര്‍ത്തനത്തെ ഓര്‍മ്മപ്പെടുത്തുന്ന വിധമായിരുന്നു ജോണ്‍ ‘അമ്മ അറിയാന്‍’ എന്ന ചിത്രം നിര്‍മ്മിച്ചത്. 101 രൂപ 25 പൈസ വീതം ഓഹരി പിരിച്ച് സിനിമ പൂര്‍ത്തിയാക്കി. 16 എം. എം പ്രിന്റുകള്‍ എടുത്ത് പ്രെജക്റ്ററുകളും സ്‌ക്രീനുമായി ഓരോ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും സ്വന്തം സിനിമയുമായി കടന്ന് ചെല്ലുകയും ജനങ്ങളുടെ പ്രതികരണം അറിയുകയും ചെയ്തു ജോണ്‍. കേരളത്തിലെ എല്ലാ സ്ഥലങ്ങിലുമുള്ള ജനങ്ങള്‍ ഈ പ്രവര്‍ത്തനത്തോട് പങ്ക് ചേര്‍ന്നു.

വൈകാരികമായി ഉത്തേജിപ്പിക്കുന്ന ഒരു സ്വഭാവമല്ല ‘അമ്മ അറിയാന്‍’ എന്ന സിനിമക്കുള്ളത്. വൈകാരികതയെ പരമാവധി ചൂഷണം ചെയ്യാവുന്ന തീമാണിത്. കച്ചവട സിനിമയുടെ ഫ്രെയിമുകളില്‍ നിന്നും തികഞ്ഞ വ്യത്യസ്തത പുലര്‍ത്തുന്ന ഇതിലെ ഫ്രെയിമുകള്‍ സിനിമയുടെ അച്ചടക്കത്തെ ലംഘിക്കുന്നു. മാധ്യമത്തിന്റെ അതിരുകള്‍ ലംഘിച്ചു വളര്‍ന്ന ഒരു കലാസൃഷ്ടിയാണ് അമ്മ അറിയാന്‍. അച്ചടക്കമില്ലാത്ത ഫ്രെയിമുകളിലൂടെ ജനകീയ രാഷ്ട്രീയത്തിന്റെ പ്രത്യയ ശാസ്ത്രം മുന്നോട്ട് വെക്കുന്ന അമ്മ അറിയാന്‍ തുടങ്ങുന്നത് ഇങ്ങനെയാണ്:

പകല്‍. കുളത്തില്‍ മുങ്ങി കുളിക്കുന്ന പുരുഷന്‍ കുളി കഴിഞ്ഞ് തല തോര്‍ത്തി, പുരുഷന്‍ കുളപ്പടവുകള്‍ കയറി വീട്ടിലേക്ക് വരുന്നു…….വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പോകുന്ന പുരുഷനോട് അമ്മ പറയുന്നത് ”മോനേ നീ എവിടെ പോയാലും കത്തെഴുതണം. കാലം കെട്ടകാലാണ്…….” എന്നാണ്.

ഇവിടെ അമ്മയുടെ വ്യസനം ആ കാലത്തിന്റേതാവുകയാണ്. പ്രക്ഷുബ ്ധമായ യൗവ്വനങ്ങള്‍ പടിയിറങ്ങി പോകുന്ന കാലത്തെ ജോണ്‍ ഇവിടെ അടയാളപ്പെടുത്തുകയാണ്. പുരുഷന്‍ നടന്ന് പോകുമ്പോള്‍ കാണുന്ന കാഴ്ചകള്‍ ജോണിന്റെ സാമൂഹ്യ വീക്ഷണങ്ങളാണ്.

നിയതമായ തിരക്കഥയ്ക്ക് അകത്ത് നിന്ന് ചിത്രീകരിച്ച ചിത്രമല്ല അമ്മ അറിയാന്‍. തെരുവുകളിലൂടെ നടന്ന് നീങ്ങുന്ന ജോണിന്റെ മനോഘടനതന്നെയാണ് സിനിമയക്കും. പുരുഷന്‍ കണ്ട മരണം, മരണപ്പെട്ടത് ആരാണെന്ന ജോണിന്റെ അന്വേഷണം , മരിച്ചയാളിന്റെ അമ്മയെ മരണവാര്‍ത്ത അറിയിക്കാനുള്ള പുരുഷന്റെ സഞ്ചാരം, സഞ്ചാരത്തിലൂടെ വന്ന് ചോരുന്ന കൂട്ടം, ഈ കൂട്ടം കാണുന്ന സാമൂഹ്യാവസ്ഥകള്‍, ഇങ്ങനെയാണ് സിനിമ വികസിക്കുന്നത്. പുരുഷന്റെ സഞ്ചാരത്തിനിടയില്‍ കാണപ്പെടുന്ന മെഡിക്കല്‍ കോളേജ് സമരം ഇന്നത്തെ ഭരണകൂട വ്യവസ്ഥിതിയെ പോലും ചോദ്യം ചെയ്യാന്‍ പര്യാപ്തമാണ്. സിനിമയിലെ സമരരംഗം; സാമ്രാജ്യത്വത്തിനെതിരെയും വിദ്യാഭ്യാസം കച്ചവചവത്ക്കരിക്കുന്നതിനെതിരെയും പ്രതികരിക്കുന്ന ജനതയുടേതാണ്. സിനിമയില്‍ തെളിയുന്ന സമര പ്രസംഗങ്ങള്‍, പോസ്റ്ററുകള്‍ എന്നിവയെല്ലാം വിപ്ലവ സിനിമയുടെ മുഖം കാട്ടിത്തരുന്നുണ്ട്. ഒരു പോസ്റ്റര്‍ ഇങ്ങനെ:





“പള്ളിയും പള്ളിക്കൂടവും
നിയമവും ന്യായക്കോടതിയും
നേര് മറച്ചു വയ്ക്കുമ്പോള്‍ നാം നേര് കണ്ട് ശബ്ദിക്കുക.”

ഇവിടെ ഈ കാഴ്ച കാട്ടിത്തരുന്നതിലൂടെ ജോണ്‍ യഥാര്‍ത്ഥത്തില്‍ വിപ്ലവത്തിലേക്ക് ജനതയെ ക്ഷണിക്കുകയാണ്.

അക്ഷരാര്‍ത്ഥത്തില്‍ സിനിമയിലെ പുരുഷന്റേയും, പുരുഷനിലൂടെ സംഘടിയ്ക്കപ്പെടുന്ന ജനക്കൂട്ടത്തിന്റേയും യാത്ര ജോണ്‍ എബ്രഹാമിന്റേയും, വിപ്ലവത്തെപ്പറ്റി ചിന്തിക്കുന്ന ജനതയുടേയും യാത്രയാണ്… ഏത് കാലത്തായാലും നിലനില്‍ക്കുന്ന പ്രത്യയശാസ്ത്രം ജനതയെ തിരസ്‌ക്കരിക്കുകയാണെങ്കില്‍ ആ പ്രത്യയശാസ്ത്രത്തെ ‘നാക്കു കടിച്ചിനി ചോദ്യം ചെയ്യാന്‍’ (അലിയാര്‍. കെ) അതേ കാലത്ത് ജനങ്ങള്‍ സംഘടിയ്ക്കുക തന്നെ ചെയ്യും. ചെറു സംഘങ്ങളായ്… പുരുഷനില്‍ നിന്ന് ജനങ്ങളുടെ വിശാലതയിലേക്ക് സംഘം ചേരുന്ന കൂട്ടായ്മകള്‍ അങ്ങനെ വികസിക്കും… ‘അമ്മ അറിയാന്‍’ എന്ന ജോണ്‍ ചിത്രം ഇത്തരത്തിലൊരു കാഴ്ചകൂടി നല്‍കുന്നുണ്ട്. മൂന്നാം ലോക സിനിമയുടെ പ്രത്യയ ശാസ്ത്ര വിശകലനം ‘അമ്മ അറിയാന്‍’ എന്ന ചിത്രത്തില്‍ കണ്ടെത്തുന്നതിനെ ഇങ്ങനെ ക്രോഡീകരിക്കട്ടെ.

(i)രാഷ്ട്രീയ സിനിമയ്ക്ക് അതേവരെ അപരിചിതമായിരുന്ന പാഠാന്തരം സാധ്യമാക്കിയ ചലചിത്രകാരനാണ് ജോണ്‍ എബ്രഹാം.
(ii)മൂന്നാം ലോക സിനിമയുടെ രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രത്തിനും പ്രാദേശികമായ ഭാഷ്യം ചമച്ച ചിത്രമാണ് ‘അമ്മ അറിയാന്‍’
(iii)മലയാളത്തിന്റെ രാഷ്ട്രീയ സിനിമയ്ക്ക് അസാധാരണമായ ഭാവുകത്വ വ്യതിയാനം സാധ്യമാക്കിയ ചിത്രമാണ് ‘അമ്മ അറിയാന്‍’
(iv)ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ നിര്‍മ്മിച്ച ജനങ്ങളുടെ സിനിമ എന്ന ജനകീയ മുദ്രാവാക്യം (ഇന്ത്യയില്‍ തന്നെ) ആദ്യമായി വിളംബരപ്പെടുത്തിയ ചിത്രമായിരുന്നു ‘അമ്മ അറിയാന്‍’ഗ്രന്ഥ സൂചി1) ഇന്ദു ശേഖരന്‍. വി(എഡി.), 1981, ‘സമാന്തര സിനിമ’ ഇരിങ്ങാലക്കുട, സംസാര പബ്ലിഷേഴ്‌സ്
2) ഗോപിനാഥന്‍. ആര്‍, 2000, ‘ജോണ്‍ എബ്രഹാം – അമ്മയെത്തേടി’ – തിരുവനന്തപുരം, പ്രഭാത് ബുക്ക് ഹൗസ്
3) ജോണ്‍ എബ്രഹാം, 2000, ‘ജോണ്‍ എബ്രഹാം കഥകള്‍’ പ്രസക്തി പബ്ലിഷിംഗ് പീപ്പിള്‍സ്
4) ജോസഫ്. വി.കെ, 1997, ‘സിനിമയും പ്രത്യയ ശാസ്ത്രവും’ കേരള സര്‍ക്കാര്‍ സാംസ്‌ക്കാരിക പ്രസിദ്ധീകരണ വകുപ്പ്
5) വിജയകൃഷ്ണന്‍, 2007, ‘മലയാള സിനിമയുടെ കഥ’ കോഴിക്കാട് മാതൃഭൂമി ബുക്‌സ്
6) Pranjali Ban-dhu, 1992, Cinema in focus TVM, Odyssey.

2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

പ്രിയപ്പെട്ട മോഡീ, താങ്കള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു .......


പ്രിയപ്പെട്ട മോഡീ, താങ്കള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐ. പി. എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ഗുജ്‌റാത്ത് മുഖ്യമന്ത്രി നാരേന്ദ്ര മോഡിക്കയച്ച കത്തിന്റെ മലയാളം പരിഭാഷയുടെ പൂര്‍ണ്ണ രൂപമാണിത്. ഫാഷിസത്തിന്റെ സിംഹാസനക്കല്ലുകളെ ഇളക്കാന്‍ ശക്തിയുണ്ട് ഈ കത്തിലെ അക്ഷരങ്ങള്‍ക്ക്.
2002ലെ ഗുജറാത്ത് വംശീയ ഉന്‍മൂലന ഓപറേഷന് നേരിട്ട് സാക്ഷിയായ ഒരു ഐ.പി.എസ് ഓഫീസറുടെ ധീരമായ മനസ്സാക്ഷിയാണിത്. സാകിയ ജഫ്രിയുടെ പരാതിയിന്മേല്‍ വന്ന സുപ്രിംകോടതി തന്റെ വിജയമായി ആഘോഷിക്കുന്ന നരേന്ദ്രമോഡിക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്. ഈ കത്തിലെ ഓരോ വരികളും മോഡിയുടെ ഉറക്കം കെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

മതേതര ഇന്ത്യ നിലനില്‍ക്കുന്നത് ഇത്തരം സഞ്ജീവ് ഭട്ടുമാരിലൂടെയാണ്. വംശഹത്യയില്‍ മോഡിക്കുള്ള പങ്ക് വ്യക്തമാക്കി ഭട്ട് നേരത്തെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് മോഡി ഭരണകൂടം ഭട്ടിനെ സസ്‌പെന്റ് ചെയ്തത്. ശത്രു എത്രവലിയവനാണെങ്കിലും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ പിന്നോട്ടില്ലെന്ന പ്രഖ്യാപനം കൂടിയാണീ കത്ത്.
പ്രിയപ്പെട്ട ശ്രീ മോഡി,
റ് കോടി ഗുജ്‌റാത്തികള്‍ക്ക് താങ്കള്‍ ഒരു തുറന്ന കത്തെഴുതിയതില്‍ ഞാന്‍ സന്തോഷവാനാണ്. അത് നിങ്ങളുടെ മനസ്സ് കാണാനുള്ള ജാലകം മാത്രമല്ല എനിക്ക് നല്‍കുന്നത്, അതേ വഴിയിലൂടെ താങ്കള്‍ക്ക് മറുപടി നല്‍കാനുള്ള അവസരം കൂടിയാണ്.
എന്റെ പ്രിയപ്പെട്ട സഹോദരാ, സാകിയ നസീം ഇഹ്‌സാനും ഗുജ്‌റാത്ത് സര്‍ക്കാറുമായുള്ള പ്രത്യേക അനുമതി ഹരജിയുടെ ഭാഗമായ ക്രിമിനല്‍ അപ്പീലില്‍ ബഹുമാനപ്പെട്ട സുപ്രിംകോടതി എത്തിച്ചേര്‍ന്ന തീരുമാനത്തെയും പുറപ്പെടുവിച്ച വിധിയെയും താങ്കള്‍ തെറ്റായി ധരിച്ചിരിക്കുകയാണ്. നിങ്ങളെ തിരഞെടുക്കപ്പെട്ട നേതാവായി കാണുന്ന ‘ആറു കോടി ഗുജ്‌റാത്തുകാരെ’ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.
ചില രാഷ്ട്രീയ മേഖലകളില്‍ നിന്നും കോടതി വിധിയില്‍ ആഘോഷമുണ്ടാകുന്ന ഈ സാഹചര്യത്തില്‍ ഗുജ്‌റാത്തിയായ ഒരു ഇളയ സഹോദരന്‍ എന്ന നിലയില്‍ സുപ്രിംകോടതിയുടെ ഉത്തരവിനെക്കുറിച്ച് വിശദീകരിക്കാന്‍ എന്നെ അനുവദിക്കുക. ”സുപ്രിംകോടതിയുടെ ഉത്തരവില്‍ നിന്ന് ഒരു കാര്യം പ്രകടമാണ്. 2002ലെ കലാപത്തിന് ശേഷം എനിക്കും ഗുജറാത്ത് സര്‍ക്കാറിനുമെതിരെ ഉന്നയിക്കപ്പെട്ട അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണങ്ങള്‍ സൃഷ്ടിച്ച അനാരോഗ്യകരമായ അന്തരീക്ഷം ഇല്ലാതാക്കിയിരിക്കുന്നു” എന്ന് താങ്കള്‍ കത്തില്‍ പറയുന്നുണ്ട്.
ഞാനൊരു കാര്യം വ്യക്തമാക്കട്ടെ, സുപ്രിംകോടതി പുറപ്പെടുവിപ്പിച്ച വിധിയിലൊരിടത്തും സാകിയ ജഫ്രിയുടെ പരാതിയിന്മേലുള്ള ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതോ വ്യാജമോ ആണെന്ന് പറഞ്ഞിട്ടില്ല. വസ്തുതയെന്തെന്നാല്‍, ഗുജറാത്ത് വംശഹത്യയിലെ പ്രതീക്ഷകളില്ലാത്ത ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിനുള്ള ദിശയില്‍ വലിയൊരു മുന്നേറ്റമാണിത്. താങ്കള്‍ക്ക് വ്യക്തമായി അറിയുന്നത് പോലെ തന്റെ പരാതി എഫ്.ഐ.ആര്‍ ആയി രജിസ്റ്റര്‍ ചെയ്യണമെന്ന അപേക്ഷയുമായാണ് സാകിയ ജഫ്രി കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഈ പരാതി നിരസിച്ചു. പ്രത്യേകാനുമതി ഹരജിയിലൂടെ ഹൈകോടതിയുടെ ഉത്തരവിനെതിരെ സാകിയ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
പരാതി  പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് സുപ്രിംകോടതി നിര്‍ദേശിക്കുകയും ഇവര്‍ ശേഖരിച്ച തെളിവുകള്‍  പരിശോധിക്കാന്‍ പ്രഗത്ഭനായ അഭിഭാഷകനെ അമിക്കസ് ക്യൂരിയായി നിയോഗിക്കുകയും ചെയ്തു. ദൈര്‍ഘ്യമേറിയ ബുദ്ധിമുട്ടേറിയ ഇത്തരം നടപടികള്‍ക്ക് ശേഷം സാകിയയുടെ അപ്പീല്‍ പരിഗണിക്കുക മാത്രമല്ല സുപ്രിംകോടതി ചെയ്തത്, അവരുടെ പരാതി എഫ്. ഐ. ആര്‍ ആയി സങ്കല്‍പിച്ച് ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിലെ 173 (2) വകുപ്പനുസരിച്ച് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ പ്രത്യേക സംഘത്തോട് നിര്‍ദേശിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്.
താങ്കളുടെയും താങ്കളുടെ സഹോദരി സഹോദരന്മാരായ ആറു കോടി ഗുജ്‌റാത്തികളുടെയും പ്രയോജനത്തിനായി സ്പഷ്ടമാക്കട്ടെ, ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിലെ 173 (2) പ്രകാരം സമര്‍പ്പിക്കുന്ന ഈ റിപ്പോര്‍ട്ടാണ് സമാന്യ ജനങ്ങള്‍ പറയുന്ന കുറ്റപത്രം അഥവാ അന്തിമ റിപ്പോര്‍ട്ട്. ശേഖരിച്ച എല്ലാ തെളിവുകളും അമിക്കസ് ക്യൂരിയുടെ റിപ്പോര്‍ട്ടും അധികാരപ്പെട്ട മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കാനും പ്രത്യേക ദൗത്യസംഘത്തോട് സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്തെ നിയമം അതിന്റെ മാര്‍ഗം സ്വീകരിക്കാന്‍ പാകത്തില്‍ ഇതിനെ താങ്കള്‍ സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്, ക്രിമിനല്‍ പ്രൊസീജിയര്‍ കോഡനുസരിച്ച് സുപ്രിംകോടതിക്ക് സ്വീകരിക്കാവുന്ന ഏറ്റവും നല്ല മാര്‍ഗമായിരുന്നു ഇത്.
സാകിയ യഥാര്‍ത്ഥത്തില്‍ ആഗ്രഹിച്ചതിലും കൂടുതലാണ് സുപ്രിംകോടതി അവര്‍ക്ക് നല്‍കിയിരിക്കുന്നത്. സംശയത്തോടെ നമ്മള്‍ പുകഴ്ത്തുന്ന ഈ വിധി ശരിക്കും ബുദ്ധിപൂര്‍വ്വമായി എഴുതപ്പെട്ട ഒന്നാണ്. പ്രതിഫലത്തിന്റെ ദിവസത്തിലേക്ക് 2002ലെ നരഹത്യ ആസുത്രണം ചെയ്തവരെയും സാധ്യമാക്കിയവരെയും കുറച്ചു കൂടി അടുപ്പിക്കുന്നു. ഇപ്പോഴത്തെ വീമ്പിളക്കല്‍ എളുപ്പത്തില്‍ പറ്റിക്കാവുന്ന ഗുജ്‌റാത്ത് ജനതയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. നീതിന്യായ പ്രത്യാഘാതം ഉണ്ടാകുമ്പോള്‍ വളരെ വ്യത്യസ്തമായ ഒരു ചിത്രം നമ്മള്‍ കാണും.
താങ്കളെപ്പോലുള്ളവര്‍ ബോധപൂര്‍വ്വമോ ദുരുദ്ദേശ്യത്തിനായോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോള്‍ ‘ആറു കോടി ഗുജറാത്തികളില്‍’ ഒരാളെന്ന നിലക്ക് എനിക്ക് വളരെ വേദനയുണ്ട്. അഡോള്‍ഫ് ഹിറ്റ്‌ലറുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന നാസി ജര്‍മനിയിലെ പ്രചാരണ വിഭാഗം മന്ത്രിയായിരുന്ന പോള്‍ ജോസഫ് ഗീബല്‍സ് ആവിഷ്‌കരിച്ച് നടപ്പാക്കിയ സിദ്ധാന്തം കുറച്ച് കാലത്തേക്ക് ഭൂരിഭാഗം ജനങ്ങളിലും തീര്‍ച്ചയായും ചിലപ്പോള്‍ ഫലം കാണും. എന്നാല്‍ ഗീബല്‍സിന്റെ പ്രചാരണം കൊണ്ട് എല്ലാവരെയും എല്ലാ കാലത്തേക്കും വിഡ്ഢികളാക്കാന്‍ സാധിക്കില്ലെന്ന് ചരിത്രത്തില്‍ നിന്ന് നമുക്കെല്ലാം അറിയാവുന്നതാണ്.
‘വെറുപ്പിനെ ഒരിക്കലും വെറുപ്പു കൊണ്ട് ജയിക്കാനാകില്ല’ എന്ന താങ്കളുടെ തിരിച്ചറിവിനെ ഞാന്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നു. ഈ സംസ്ഥാനത്തെ കഴിഞ്ഞ ഒരു ദശകമായി സേവിക്കുന്ന താങ്കള്‍ക്കും കഴിഞ്ഞ 23 വര്‍ഷമായി ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ സേവനമനുഷ്ഠിക്കുന്ന എനിക്കുമല്ലാതെ മറ്റാര്‍ക്കാണ് ഇത് ഇത്രയും നന്നായി അറിയുക. ഗുജറാത്തിലെ വിവിധ വേദികളില്‍ വെറുപ്പിന്റെ നൃത്തം സംവിധാനം ചെയ്ത് അരങ്ങേറ്റം ചെയ്യപ്പെട്ട 2002ലെ ആ ദിവസങ്ങളില്‍ താങ്കളെ സേവിക്കേണ്ട ദൗര്‍ഭാഗ്യം എനിക്കുണ്ടായി. നമ്മളോരോരുത്തരും വഹിച്ച പങ്കിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ഉചിതമായ വേദി ഇതല്ല. ഉചിതവും അധികാരപ്പെട്ടതുമായ വേദി ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്. അവിടെ വെറുപ്പിന്റെ ബലതന്ത്രം സംബന്ധിച്ചുള്ള നമ്മുടെ അറിവുകള്‍ ഗുജറാത്തിന്റെ അധികാരം കേന്ദ്രീകരിച്ചിട്ടുള്ള യഥാര്‍ത്ഥ രാഷ്ട്രീയത്തെ വെളിപ്പെടുത്തും. താങ്കളും സര്‍ക്കാറിനകത്തും പുറത്തുമുള്ള താങ്കളുടെ സുഹൃത്തുക്കളും ഇതിന്റെ പേരില്‍ എന്നെ കൂടുതലായി വെറുക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.
‘നുണ പ്രചരിപ്പിക്കുകയും ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തവരുടെ വിശ്വാസ്യത അഗാധ ഗര്‍ത്തത്തിലെത്തിയിരിക്കുന്നു. ഈ രാജ്യത്തെ ജനങ്ങള്‍ ഇത്തരക്കാരെ ഇനിയൊരിക്കലും വിശ്വസിക്കില്ല’ എന്ന് താങ്കള്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കില്ല. പക്ഷേ എന്റെ പ്രിയപ്പെട്ട സഹോദരാ, ആരാണ് നുണ പ്രചരിപ്പിക്കുകയും ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത് എന്നതില്‍ താങ്കള്‍ക്ക് തീര്‍ത്തും തെറ്റ് പറ്റിയിരിക്കുന്നു. സത്യം പുറത്ത് കൊണ്ട് വരുന്നതിനും നീതി ഉറപ്പാക്കുന്നതിനും വേണ്ടി അവിരാമം പോരാടുന്ന അശരണരായ ഇരകളല്ല ഗുജറാത്തിന് അപമാനം കൊണ്ടുവന്നത്, മറിച്ച് രാഷ്ട്രീയ, തിരഞെടുപ്പ് മുതലെടുപ്പിനായി വെറുപ്പ് വിതച്ച് വളര്‍ത്തിയയാളുകളുടെ നികൃഷ്ടമായ പ്രവര്‍ത്തികളാണെന്ന് എന്റെ മനസ്സ് പറയുന്നു. ദയവായി ഇതേക്കുറിച്ച് ചിന്തിക്കൂ. ആത്മപരിശോധന ചിലപ്പോഴെങ്കിലും വെളിപാടുകള്‍ക്ക് വഴിതുറക്കാറുണ്ട്.
‘ഗുജറാത്തില്‍ സമാധാനവും ഐക്യവും സൗഹാര്‍ദവുമുള്ള അന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്’ താങ്കള്‍ നടത്തുന്ന ശ്രമങ്ങള്‍ എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. 2002ന് ശേഷം ഗുജറാത്തില്‍ വര്‍ഗ്ഗീയ അക്രമങ്ങള്‍ വലിയ തോതില്‍ ഉണ്ടായിട്ടില്ല എന്നതിന് താങ്കളോടും താങ്കളുടെ ബന്ധുക്കളോടും എനിക്ക് നന്ദിയുണ്ട്.
ഇതിന്റെ കാരണം നമ്മുടെ ‘ആറു കോടി ഗുജറാത്തികള്‍ക്ക്’ മനസ്സിലായിട്ടുണ്ടാകില്ല. ഐ.പി.എസില്‍ എന്റെ 24-മത്തെ വര്‍ഷമാണിത്. സംസ്ഥാനം വ്യാപകമായ വര്‍ഗ്ഗീയ അക്രമങ്ങള്‍ക്ക് സാക്ഷിയായ കാലത്താണ് ഗുജറാത്ത് കേഡറിലേക്ക് എന്നെ നിയോഗിച്ചത്. അഗ്നിയാല്‍ ഞ്ജാന സ്‌നാനം ചെയ്യപ്പെട്ടത് കൊണ്ട് അന്ന് മുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും വെറുപ്പിന്റെ വിഭാഗീയ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന താങ്കളെപ്പോലുള്ളവരുമായി ഇടപെടാനും ഞാനും ശ്രമിച്ചുവരികയാണ്. എന്റെ നിരീക്ഷണം എന്തെന്നാല്‍, വര്‍ഗ്ഗീയ അക്രമം കൊണ്ട് ഏതെങ്കിലും പാര്‍ട്ടിക്ക് തിരഞെടുപ്പില്‍ പ്രയോജനമുണ്ടാകുമെന്ന രാഷ്ട്രീയ അവസ്ഥ ഗുജറാത്ത് മറികടന്നു കഴിഞ്ഞിരിക്കുന്നു. കാരണം വര്‍ഗ്ഗീയ ചേരിതിരിവ് ഇവിടെ ഏതാണ്ട് പൂര്‍ണ്ണമായി കഴിഞ്ഞു.
വിഭാഗീയ രാഷ്ട്രീയത്തിന്റെ പരീക്ഷണം ഗുജറാത്തിന്റെ പരീക്ഷണശാലയില്‍ വളരെ വിജയകരമായിരുന്നു. താങ്കളും താങ്കളെപ്പോലെയുള്ളവരും ‘ആറു കോടി ഗുജറാത്തി്’കളുടെ മനസ്സിലും ഹൃദയത്തിലും വിള്ളലുണ്ടാക്കുന്നതില്‍ വിജയിച്ചു. കൂടുതല്‍ വര്‍ഗ്ഗീയ അക്രമം നടത്തേണ്ട ആവശ്യം ഗുജറാത്തില്‍ ഇനി ഇല്ല.
നമ്മുടേത് പോലുള്ള ഭരണഘടനാ ജനാധിപത്യത്തില്‍, ഏത് സാഹചര്യത്തിലും സമയത്തും ഉത്തമ വിശ്വാസത്തില്‍ പ്രവര്‍ത്തിക്കാന്‍ ഭരണകൂടം ബാധ്യസ്ഥമാണ്. 2002 ഫെബ്രുവരി 27ലെ പ്രഭാതത്തില്‍ ഗോധ്രയില്‍ സംഭവിച്ച അപലപനീയമായ സംഭവത്തിനോടുള്ള പെട്ടന്നുണ്ടായ പ്രതികരണമാണ് ഗുജറാത്ത് കൂട്ടക്കൊല എന്ന പ്രചാരണത്തിന്റെ ഇരകളായിത്തീര്‍ന്നിട്ടുണ്ട് കഴിഞ്ഞ ഒന്‍പതര മാസമായി കുറേ പേര്‍. ന്യൂട്ടന്റെ നിയമം മുന്‍പൊരിക്കലും ഇത്രത്തോളം ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല. 2002ല്‍ കൂട്ടക്കുരുതി അതിന്റെ ഉച്ചസ്ഥായിലെത്തിയപ്പോള്‍ ന്യൂട്ടന്റെ ഭൗതികശാസ്ത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവിനെയും ധാരണയെയും ആശ്രയിച്ച് നിങ്ങളത് രാഷ്ട്രീയത്തിലും ഭരണത്തിലും പ്രയോഗിക്കുകയായിരുന്നു.
നീതിക്ക് വേണ്ടി പൊരുതുന്ന അശരണരായ ഇരകളുടെ ആത്മവീര്യം ദുര്‍ബലമായേക്കാം, എന്നാല്‍ ഗീബല്‍സിയന്‍ പ്രചരണത്തിലൂടെ അത് അടിച്ചവര്‍ത്താനാവില്ല
പക്ഷേ നിങ്ങള്‍ ഒരു കാര്യം മനപൂര്‍വ്വം മറന്നു, ഭരണഘടനാ ജനാധിപത്യത്തിലെ മതേതര ഭരണകൂടത്തിന് വിഭാഗീയമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന ഭരണത്തെ സംബന്ധിച്ച് സാര്‍വലൗകികമായി അംഗീകരിക്കപ്പെട്ട തത്വത്തെ. ന്യൂട്ടന്റെ സിദ്ധാന്തമനുസരിച്ചുള്ള പ്രതിപ്രവര്‍ത്തനത്തിനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് നിയന്ത്രിക്കുക എന്നത് ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണ്. അല്ലാതെ, നിരപരാധികളായ വ്യക്തികളെ ആസൂത്രിതമായി ലക്ഷ്യമിടുക എന്നതല്ല.
അതെന്തായാലും, മഹാത്മയുടെ ഭൂമിയില്‍ സദ്ഭാവന ഉണ്ടാക്കുക എന്ന താങ്കളുടെ പ്രഖ്യാപിത ലക്ഷ്യത്തോടുള്ള ഐക്യദാര്‍ഢ്യമെന്ന നിലയില്‍ സദാഭാവന മിഷനില്‍ താങ്കള്‍ക്കൊപ്പം ചേരാന്‍ ഞാന്‍ തയ്യാറാണ്. സത്യം പുറത്തു വരാന്‍ സഹായിക്കുകയും നീതിയുടെ അന്തസത്തയും സൗമനസ്യവും നിലനില്‍ക്കാന്‍ അനുവദിക്കുകയെന്നുമാണ് അതിനുള്ള ഏറ്റവും നല്ല വഴി. ഗുജറാത്തിന്റെ ഭരണത്തിലും നയങ്ങളിലും സദ്ഭാവന മിഷന്‍ സംഭാവനകള്‍ നല്‍കുമെങ്കില്‍ ഞാന്‍ ഉറപ്പിച്ചു പറയുന്നു, ഞാനതില്‍ പങ്കു ചേരാന്‍ തയ്യാറാണ്.
പക്ഷേ, നിങ്ങള്‍ക്കൊരു മുന്നറിയിപ്പെന്നോണം പറയട്ടെ, സ്വാഭാവികമായും ഹൃദയത്തില്‍ തട്ടിയുള്ളതുമായ സൗമനസ്യം നമുക്ക് ആവശ്യപ്പെടാവുന്ന ഒന്നല്ല, വാങ്ങാവുന്നതോ ഭീഷണിപ്പെടുത്തി ഈടാക്കാവുന്നതോ അല്ല, അത് അര്‍ഹതപ്പെട്ടതാക്കാന്‍ ശ്രമിക്കാന്‍ മാത്രമെ സാധിക്കൂ. അത്ര എളുപ്പമുള്ള ദൗത്യമല്ല അത്. മഹാത്മയുടെ ഭൂമി മായാ നിദ്രയില്‍ നിന്ന് പതുക്കയാണെങ്കിലും ഉണരുകയെന്നത് തീര്‍ച്ചയാണ്.
സമുദായത്തിലെ എല്ലാ വിഭാഗങ്ങളുടെയും കാഴ്ചപ്പാടുകളോട് ഉത്തരവാദിത്വം തോന്നേണ്ടതില്ലെന്ന് ഗുജറാത്തിലെ ഏറ്റവും ആധികാരികമേറിയ വ്യക്തി എന്ന നിലയില്‍ താങ്കള്‍ക്ക് തോന്നുന്നുണ്ടാകും. എന്നാല്‍ സ്വഭാവിക സൗമനസ്യം ഇല്ലാത്ത, അധികാരം കത്തിയില്‍ നീണ്ടു നില്‍ക്കുന്ന, തിരിച്ചു വരാന്‍ സാധിക്കാത്ത പാതയാണെന്ന് ചരിത്രം പലതവണ തെളിയിച്ചിട്ടുണ്ട്.
സദ്ഭാവത്തിന് മുന്നോടിയായി സംഭവിക്കേണ്ടതാണ് സമത്വഭാവം. ന്യായബോധവും സൗമനസ്യവും ഉള്ള ഭരണം താങ്കളുടെ വിശ്വാസത്തിലെ ആദ്യത്തെ ഖണ്ഡികയിലും മതവിശ്വാസത്തിന്റെ അവസാനത്തെ ഖണ്ഡികയിലുമാവണം.
സത്യമെപ്പോഴും കൈപ്പേറിയതും വിഴുങ്ങാന്‍ പ്രയാസമുള്ളതുമായിരിക്കും. ഈ കത്ത് അത് എഴുതിയതിന്റെ യഥാര്‍ത്ഥ അന്തസത്തയില്‍ താങ്കള്‍ ഉള്‍കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കളുടെ പതിവ് അനുസരിച്ച് നേരിട്ടോ അല്ലാതെയോ ഉള്ള പ്രതികാര നടപടിക്ക് താങ്കളോ ഏജന്റുമാരോ തയ്യാറാകില്ലെന്നും കരുതുന്നു.
എവിടെയെങ്കിലും സംഭവിക്കുന്ന അനീതി എല്ലായിടത്തുമുള്ള നീതിക്ക് നേര്‍ക്കുയരുന്ന വെല്ലുവിളിയാണെന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ വാക്കുകള്‍ ഞാനോര്‍മ്മിപ്പിക്കുന്നു. നീതിക്ക് വേണ്ടി പൊരുതുന്ന അശരണരായ ഇരകളുടെ ആത്മവീര്യം ദുര്‍ബലമായേക്കാം, എന്നാല്‍ ഗീബല്‍സിയന്‍ പ്രചരണത്തിലൂടെ അത് അടിച്ചവര്‍ത്താനാവില്ല. നീതിക്ക് വേണ്ടിയുള്ള പോരാട്ടം ലോകത്തൊരിടത്തും എളുപ്പമായിട്ടില്ല. ക്ഷയിക്കാത്ത ക്ഷമയും പരാജയപ്പെടാത്ത സ്ഥിരോത്സാഹവും ഈ പോരാട്ടം എല്ലാ കാലത്തും ആവശ്യപ്പെടുന്നു. ഗുജറാത്തില്‍ സത്യത്തിനും നീതിക്കും വേണ്ടി കുരിശു യുദ്ധം ഈ കവിത സംഗ്രഹിക്കുന്നുണ്ട്. ബറോഡയിലെ എം. എസ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ഭുജും സോനം എഴുതിയതാണീ വരികള്‍.
എനിക്ക് തത്വങ്ങളുണ്ട്, അധികാരമില്ല
നിങ്ങള്‍ക്ക് അധികാരമുണ്ട്, തത്വങ്ങളില്ല
നിങ്ങള്‍ നിങ്ങളായതു കൊണ്ടും
ഞാന്‍ ഞാനായതു കൊണ്ടും
ഒത്തു തീര്‍പ്പിന്റെ ചോദ്യമുയരുന്നില്ല
അത്‌കൊണ്ട് യുദ്ധം തുടങ്ങാം….
എനിക്ക് സത്യമുണ്ട്, സൈന്യമില്ല
നിങ്ങള്‍ക്ക് സൈന്യമുണ്ട്, സത്യമില്ല
നിങ്ങള്‍ നിങ്ങളായതു കൊണ്ടും
ഞാന്‍ ഞാനായതു കൊണ്ടും
ഒത്തു തീര്‍പ്പിന്റെ ചോദ്യമുയരുന്നില്ല
അത്‌കൊണ്ട് യുദ്ധം തുടങ്ങാം….
നിങ്ങള്‍ എന്റെ തല തല്ലി തകര്‍ത്തേക്കാം
ഞാന്‍ പൊരുതും
നിങ്ങള്‍ എന്റെ പല്ലുകള്‍ പൊടിച്ചേക്കാം
ഞാന്‍ പൊരുതും
നിങ്ങള്‍ എന്നെ ജീവനോടെ കുഴിച്ചിട്ടേക്കാം
ഞാന്‍ പൊരുതും
സത്യം എന്നിലോടുന്നു
ഞാന്‍ പൊരുതും
എന്റെ എല്ലാ കരുത്തുമുപയോഗിച്ച്
ഞാന്‍ പൊരുതും
എന്റെ അവസാന ശ്വാസം വരെ
ഞാന്‍ പൊരുതും
നിങ്ങളുടെ നുണകള്‍ കൊണ്ട് നിങ്ങള്‍
തീര്‍ത്ത കൊട്ടാരം തകര്‍ന്നു വീഴും വരെ
ഞാന്‍ പൊരുതും
നുണകളാല്‍ നിങ്ങളാരാധിക്കുന്ന പിശാച്
എന്റെ സത്യത്തന്റെ മാലാഖയ്ക്കു മുന്നില്‍
മുട്ടുകുത്തും വരെ
എല്ലാവരോടും നീതിബോധവും കൃപയുമുള്ളവനാകുവാന്‍ വേണ്ട ശക്തി ദയാപരനായ ദൈവം താങ്കള്‍ക്ക് നല്‍കട്ടെ!

സത്യമേവ ജയതേ
ആശംസകളോടെ

വിശ്വാസപൂര്‍വ്വം
സഞ്ജീവ് ഭട്ട്

2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

രാജഭക്തന്മാര്‍ക്ക് നല്ല നമസ്‌കാരം


രാജഭക്തന്മാര്‍ക്ക് നല്ല നമസ്‌കാരം:

 

വി.എസിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം



V S Achudanandan's speech
തിരുവനന്തപുരം പ്രസ് ക്ലബില്‍ ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലെ നിധിശേഖരവും ജനാധിപത്യകേരളവും എന്ന വിഷയത്തില്‍ നടന്ന ഏകദിനസെമിനാര്‍ ഉദ്ഘാടനം ചെയ്ത് പതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം.
പ്രിയമുള്ളവരേ
ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിസമ്പത്തും ജനാധിപത്യകേരളവും എന്ന വിഷയത്തെ കുറിച്ച് ഇത്തരമൊരു സെമിനാര്‍ സംഘടിപ്പിക്കാന്‍ മുന്നോട്ട് വന്ന സോഷ്യല്‍ സയന്‍സ് റെയിന്‍ബോവിന്റെ പ്രവര്‍ത്തകരെ ഞാന്‍ അഭിനന്ദിക്കുന്നു.
പത്മനാഭസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട ചര്‍ച്ച കേള്‍ക്കുമ്പോള്‍ ജനാധിപത്യകേരളം തന്നെയാണോ ഇതെന്ന് ന്യായമായും സംശയിച്ചുപോകാം. സംസ്ഥാന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുമെല്ലാം ഭയഭക്തി ബഹുമാനങ്ങളോടെ പറയുന്നത് മഹാരാജാവിനോട് ചോദിച്ചേ എന്തും ചെയ്യൂ എന്നാണ്. കേരളം 1950 ജനുവരി 26ന് പരമാധികാര റിപ്പബ്ലിക്കായ ഇന്ത്യന്‍ യൂണിയനിലെ ഒരു സംസ്ഥാനമായെന്നത് മറന്നുകൊണ്ടാണവര്‍ തലേക്കെട്ടഴിച്ച് വാപൊത്തി കുനിഞ്ഞ് നിന്ന് സംസാരിക്കുന്നത്. ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവാണ് അവസാനത്തെ തിരുവിതാംകൂര്‍ മഹാരാജാവ്.
ഇന്ത്യ സ്വതന്ത്രമാകാറായ ഘട്ടത്തില്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ പ്രഖ്യാപിച്ചത് അമേരിക്കന്‍ മോഡലാണ്. വേണ്ടിവന്നാല്‍ വിട്ടുപോകാനുള്ള അവകാശമാണ് അമേരിക്കന്‍ മോഡല്‍. ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ സ്വതന്ത്ര നാട്ടുരാജ്യമായി രാജാധികാരത്തോടെ നില്‍ക്കാമെന്ന വ്യാമോഹമാണ് സര്‍ സി.പി. പ്രകടിപ്പിച്ചത്. അതിനെതിരായ ഐതിഹാസിക സമരമാണ് പുന്നപ്ര-വയലാര്‍ സമരം. ആ സമരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ എളിയ അനുഭവങ്ങളോടെയാണ് ഞാനിവിടെ നില്‍ക്കുന്നത്. ആ സമരത്തിന്റെ പേരില്‍ രാജാധിപത്യത്തിന്റെ കൊടിയ മര്‍ദ്ദനത്തിരയായതിന്റെ പാടുകള്‍ ഇന്നും ശരീരത്തില്‍പേറിക്കൊണ്ടാണ് ഞാനിവിടെ നില്‍ക്കുന്നത്.
സര്‍. സി.പിയുടെ അമേരിക്കന്‍ummenchandiമോഡല്‍ പരാജയപ്പെടുകയും മുറിഞ്ഞ മൂക്കുമായി അദ്ദേഹത്തിന് നാടുവിട്ടു പോകേണ്ടിയും വന്നു. എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി. ശ്രീമൂലം തിരുനാളിന്റെ കാലത്തിന് മുമ്പ് തന്നെ ജനാധിപത്യാവകശാങ്ങള്‍ക്കു വേണ്ടിയുള്ള ശക്തമായ പോരാട്ടങ്ങള്‍ നടന്ന സ്ഥലമാണ് തിരുവിതാംകൂര്‍. മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലും കുമാരനാശാന്റെയും അയ്യങ്കാളിയുടെയും സ്വദേശഭിമാനി രാമകൃഷ്ണപിള്ളയുടെയും കേസരി ബാലകൃഷ്ണപിള്ളയുടെയും മറ്റും നേതൃത്വത്തില്‍ നടന്ന ബോധവല്‍കരണ-പ്രത്യയശാസ്ത്ര സമരങ്ങളും സ്മരണീയമാണ്.
രാജാവിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചതിന്റെ പേരില്‍ മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ബാരിസ്റ്റര്‍ ജി.പി. പിള്ളയെ കേളേജില്‍ നിന്ന് പുറത്താക്കി. ദിവാന്‍ രാഘവയ്യയുടെ ഫീസ് പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച സംഭവവും ഉണ്ടായി. അതിനെതിരെയും വ്യാപകമായ ജനകീയ പ്രക്ഷോഭങ്ങളുണ്ടായില്ല. ദിവാന്‍ ഭരണത്തിനെതിരെ ആഞ്ഞടിച്ച രാമകൃഷ്ണപിള്ളയെ നാട് കടത്തിയപ്പോള്‍ ഇവിടെ വലിയ ഐക്യദാര്‍ഢ്യ പ്രകടനങ്ങളുമുണ്ടായില്ല. നാട്ടിലേക്ക് ഒരിക്കലും തിരിച്ചുവരാന്‍ ആഗ്രഹിക്കാതെയാണ് അദ്ദേഹം മറുനാട്ടില്‍ ത്യാഗജീവിതം നയിച്ചത്.
രാജാധിപത്യത്തിനെതിരെ സിംഹഗര്‍ജ്ജനം നടത്തിയ കേസരി ബാലകൃഷ്ണപിള്ളയെ പീഡിപ്പിച്ച് നാടുവിടാന്‍ നിര്‍ബന്ധിതനാക്കി. അദ്ദേഹത്തിനും ഇവിടെ നിന്ന് വലിയ പിന്തുണ കിട്ടിയില്ല. കാരണം ആ കാലഘട്ടത്തില്‍ മഹാഭൂരിപക്ഷം ജനങ്ങളും രാജാധിപത്യത്തെ അങ്ങേയറ്റം പേടിച്ചു വിറച്ചാണ് കഴിഞ്ഞത്. അടിമത്തബോധം വ്യാപകമായി നിലനിന്നിരുന്നു. മഹാരാജാവ് തിരുമനസ്സ്, മഹാ തമ്പുരാന്‍ എന്ന് ഉത്തരവാദപ്പെട്ടവര്‍ പോലും ഭക്ത്യാദരങ്ങളോടെ ‘അടിയന്‍’ എന്ന് വിനീത ഭാവത്തില്‍ ഇപ്പോഴും വിളിക്കുന്നതിന്റെ കാരണമിതാണ്.
രാജാധിപത്യം പോയ് മറഞ്ഞിട്ട് ആറുപതിറ്റാണ്ട് കഴിഞ്ഞിട്ടും ചിലരുടെ മനസ്സില്‍ നിന്ന് അതിന്റെ പുളി പൂര്‍ണ്ണമായും പോയിട്ടില്ല. അവസാനത്തെ രാജാവായ ശ്രീ ചിത്തിരതിരുനാളിനോടോ അദ്ദേഹത്തിന്റെ കുടുംബത്തോടോ പ്രത്യേക വിരോധം കൊണ്ട് പറയുന്നതല്ല. ജനകീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെങ്കിലും ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാനും സര്‍ക്കാര്‍ സര്‍വ്വീസില്‍ സംവരണം ഏര്‍പ്പെടുത്താനുമൊക്കെ തയ്യാറായി എന്ന നിലയ്ക്കും തിരുവിതാംകൂറിന്റെ പ്രത്യേകിച്ച് തിരുവനന്തപുരത്തിന്റെ വികസനത്തിന് ദീര്‍ഘവീക്ഷണത്തോടെ അടിത്തറപാകി എന്ന നിലയ്ക്കുമെല്ലാം ചിത്തിരതിരുനാള്‍ ബഹുമാനമര്‍ഹിക്കുന്നു.
എന്നാല്‍ മറ്റു മുന്‍ രാജവംശങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു സ്ഥിതിവിശേഷം ഭൗതികമായും മാനസികമായും തിരുവിതാംകൂര്‍ രാജവംശമുമായി ബന്ധപ്പെട്ട് അതിന്റെ പഴയ തലസ്ഥാന നഗരത്തില്‍ നിലനില്‍ക്കുന്നുണ്ട്. രാജകീയമായ പ്രൗഢികളും പ്രഭാവവുമെല്ലാം നിലനില്‍ക്കുന്നുവെന്ന് അവര്‍ക്കിപ്പോഴും തോന്നുന്നു. ആചാരങ്ങള്‍ അലംഘനീയമാണെന്ന് ഈ കാലഘട്ടത്തിലും അവകാശപ്പെടുന്നവര്‍ ഏറെയുണ്ടെന്നതാണ് അത്ഭുതകരം. ദേശീയ പ്രസ്ഥാനത്തിന്റെ കാലഘട്ടത്തിലെ അത്രയും ശബ്ദം പോലും കാലഹരണപ്പെട്ട ആചാരങ്ങള്‍ക്കെതിരെ ഉയരുന്നില്ലെന്നത് നിരാശാജനകമാണ്

sree-padmanabha-swami-temple
ആസ്ഥാനക്ഷേത്രമെന്ന പദവി നൂറ്റാണ്ടുകളോളം നിലനിന്ന ക്ഷേത്രമാണ് പത്മനാഭസ്വാമി ക്ഷേത്രം. അങ്ങനെയുള്ള ക്ഷേത്രത്തിന് താന്‍ കീഴ്‌പ്പെടുത്തിയ അയല്‍ നാട്ടുരാജ്യങ്ങളെയെല്ലാം സംയോജിപ്പിച്ച തിരുവിതാംകൂറും അങ്ങനെ കൈവന്ന അതിരറ്റ സമ്പത്തും അടിയറ വയ്ക്കുകയും ക്ഷേത്രത്തിന്റെ പ്രതിനിധിയായി, അഥവാ പത്മനാഭദാസനായി സ്വയം അവരോധിച്ചു കൊണ്ട് ഭരിക്കുകയുമായിരുന്നു വീരമാര്‍ത്താണ്ഡവര്‍മ്മ. തന്റെ ആധികാരികത ദൈവദത്തമാണെന്നു വരുത്താനും ശത്രുക്കളുടെ എതിര്‍പ്പ് കുറയ്ക്കാനും-അഥവാ എതിര്‍ക്കുന്നവരുടെ വായ അടപ്പിക്കാനുമായിരിക്കാം തൃപ്പടിത്താനം. ഫ്രാന്‍സില്‍ ലൂയി പതിനാലാമന്‍ അധികാരം ദൈവദത്തമാണെന്ന് പ്രഖ്യാപിച്ച് സ്വേച്ഛാധിപത്യ വാഴ്ചയ്ക്ക് ‘രക്ഷാകവച’മാക്കിയത് തൃപ്പടിത്താനത്തിന് പ്രചോദനമായിട്ടുണ്ടോ എന്ന് സംശയിക്കാവുന്നതാണ്. അധികാരം ദൈവദത്തമാണെന്ന് അവകാശപ്പെട്ട് രാജ്യത്തെയും പള്ളിയെയും ലൂയി പതിനാലാമന്‍ സ്വേച്ഛാധികാരത്തിന് കീഴ്‌പ്പെടുത്തി. ആറേഴ് പതിറ്റാണ്ട് കഴിഞ്ഞാണ് തിരുവിതാംകൂറില്‍ തൃപ്പടിത്താനം നടക്കുന്നത്.
രാജ്യാധികാരവും മതാധികാരവും അഥവാ ക്ഷേത്രാധികാരവും ഒരുമിച്ച് കയ്യാളിയ രാജകുടുംബത്തിന് രാജ്യാധികാരം ഇല്ലാതായപ്പോഴും ആസ്ഥാന ക്ഷേത്രാധികാരം നിലനിന്നു. അതോടൊപ്പം അധികാരമുണ്ടായിരുന്നപ്പോഴത്തെ നാമകരണം പോലുള്ള കുടുംബാചാരങ്ങള്‍ പിന്നെയും തുടര്‍ന്നു. നക്ഷത്രങ്ങളുമായി ബന്ധപ്പെടുത്തി നാമകരണം ചെയ്യുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. എന്നാല്‍ അതൊരു തിരുനാളായി രേഖപ്പെടുത്തുകയും ആളുകളെക്കൊണ്ട് അങ്ങനെ വിളിപ്പിക്കുകയും ചെയ്യുമ്പോള്‍ വളഞ്ഞവഴിക്ക് മാനസികമായ അടിമത്തം അടിച്ചേല്‍പ്പിക്കുകയാണ്. പഴയ രാജവാഴ്ചക്കാലത്തെ അതിക്രമങ്ങളും കൂട്ടക്കൊലകളും കൊടിയ ചൂഷണങ്ങളും മറയ്ക്കപ്പെടുകയും അതിനെക്കുറിച്ചാരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ ചിലര്‍ അഹോ രാജദ്രോഹം, രാജദ്രോഹം എന്ന് തലയില്‍ കൈവെച്ച് നിലവിളിക്കുകയും ചെയ്യുന്നതിന് ഇങ്ങിനെയൊരു പശ്ചാത്തലമുണ്ട്.
V S Achudanandan caricature  ഉത്രാടം തിരുനാള്‍, മൂലം തിരുനാള്‍, അശ്വതി തിരുനാള്‍ എന്നെല്ലാമുള്ള പേരുകള്‍ക്ക് പകരം ജനാധിപത്യ കാലഘട്ടത്തിനു ചേര്‍ന്ന പേരുകള്‍ സ്വീകരിക്കണമെന്നു പറഞ്ഞാല്‍ അതും മഹാപരാധമായി ആക്ഷേപിക്കപ്പെട്ടേക്കാം. ഇന്ത്യയിലെ ഒരു നാട്ടുരാജ്യത്തിലും ഇപ്പോള്‍ രാജാധിപത്യത്തിന്റെ അവശിഷ്ടം ഇങ്ങനെ നിലനില്‍ക്കുന്നുണ്ടെന്നു തോന്നുന്നില്ല. പഴയ രാജകുടുംബങ്ങളിലെ പുതിയ തലമുറ എല്ലാ അര്‍ത്ഥത്തിലും സാധാരണ ജനതയുടെ ഭാഗമായി. എന്നാലിവിടെ അത് സംഭവിച്ചുവോ? ഇല്ലെങ്കില്‍ എന്താണതിനു കാരണമെന്ന് പരിശോധിക്കപ്പെടണം.
ജനാധിപത്യാവകാശങ്ങള്‍ക്കു വേണ്ടിയും സാമൂഹ്യമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെയും അതിശക്തമായ ചെറുത്തു നില്‍പ്പ് നടന്ന മണ്ണാണിത്. 1888-ല്‍ ഈ ജില്ലയിലെ അരുവിപ്പുറത്ത് ആറ്റില്‍ നിന്ന് ഒരു ശിലയെടുത്ത് ശിവപ്രതിഷ്ഠ നടത്തിക്കൊണ്ട് ഒരു സാമൂഹ്യ വിപ്ലവത്തിന് ശ്രീ നാരായണഗുരു തിരികൊളുത്തി. ‘ജാതിഭേദം, മതദ്വേഷം, ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്ന് ഗുരു പറഞ്ഞു. അയിത്തത്തിനെതിരെയും ക്ഷേത്രപ്രവേശനത്തിനു വേണ്ടിയുമെല്ലാം കവിതയിലൂടെയും പ്രജാസഭയിലെ പ്രസംഗങ്ങളിലൂടെയുമെല്ലാം കുമാരനാശാനെപ്പോലുള്ളവര്‍ നടത്തിയ സമരങ്ങള്‍ അവിസ്മരണീയമാണ്.
സ്വാമി വിവേകാന്ദന്‍ ഭ്രാന്താലയമെന്ന് പഴിച്ച ഈ നാടിന്റെ നവോത്ഥാനം ഇത്തരം നാനാവിധ പ്രവര്‍ത്തനങ്ങളിലൂടെയാണുണ്ടായത്. ആ മഹനീയമായ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും വളര്‍ച്ചയുമാണ് പുതിയ കാലത്ത് ഉണ്ടാകേണ്ടത്. എന്നാല്‍ ഒരു വിഭാഗമാളുകള്‍ പ്രത്യേകിച്ച് ഇപ്പോഴത്തെ ഭരണക്കാര്‍ തന്നെ ഉല്‍പതിഷ്ണുത്വത്തിന്റേതായ ആ വഴിയിലല്ല. പകരം അടഞ്ഞ നാടുവാഴിത്തത്തിന്റെയും ജീര്‍ണ സംസ്‌കരത്തിന്റെയും പ്രോല്‍സാഹകരായി മാറ്റുന്നുവെന്നത് പരിതാപകരമാണ്.
ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരവും ജനാധിപത്യകേരളവും എന്നതാണല്ലോ. മാറ്റമില്ലാത്തത് മാറ്റം എന്ന പ്രതിഭാസത്തിനു മാത്രമാണ്. 1750-ല്‍ മാര്‍ത്താണ്ഡവര്‍മ്മ പുതിയ ആചാരങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. പത്മനാഭദാസന്‍ എന്ന സ്ഥാനപ്പേര് അതിന് മുമ്പുണ്ടായിരുന്നില്ലല്ലോ. അത്‌കൊണ്ട് ആചാരങ്ങള്‍ മാറ്റത്തിന് വിധേയമല്ലെന്നും സ്വേച്ഛാധിപത്യകാലത്തെ അതേ ആചാരങ്ങള്‍ ജനാധിപത്യകാലത്തും നിലനിന്നുകൊള്ളണമെന്ന് ശഠിക്കുന്നതും അംഗീകരിക്കാനാവില്ല.
ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ പ്രശ്‌നമെന്താണ്? വളരെ ലളിതമാണ്. ക്ഷേത്രത്തിന്റെ ഭരണാധികാരം ആര്‍ക്കാണ്, ക്ഷേത്രത്തിലെ സ്വത്തുക്കള്‍ അതായത് നിധിശേഖരം എന്തു ചെയ്യണം എന്ന പ്രശ്‌നം. ഇങ്ങിനെയൊരു ചോദ്യം ഉയര്‍ന്നുവരാനും അത് ജുഡീഷ്യറിയുടെ പരിഗണനയില്‍ വരാനും ഇടയാക്കിയ ചില പ്രശ്‌നങ്ങളുണ്ട്; ക്ഷേത്ര നിലവറകള്‍ നിയമാനുസൃതമല്ലാതെ തുറക്കുന്നുവെന്നും ക്ഷേത്രനിധിയില്‍ നിന്നും അല്പാല്‍പം നഷ്ടപ്പെടുന്നുവെന്നും അത് ചോദ്യം ചെയ്തവര്‍ പീഡിപ്പിക്കപ്പെടുന്നുവെന്നും ക്ഷേത്രഭരണം കയ്യാളുന്നത് നിയമാനുസൃത രൂപത്തിലല്ലെന്നും പരാതികളുണ്ടായി. അത് ആദ്യം തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്‌കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഇപ്പോള്‍ സുപ്രീം കോടതിയിലുമെത്തി.
എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച പ്രിന്‍സിപ്പല്‍ സബ്‌കോടതിയും കേരള ഹൈക്കോടതിയും അക്കാര്യത്തില്‍ അസന്ദിഗ്ധമായ വിധി പ്രസ്താവിച്ചു. 1947 ആഗസ്റ്റ് 15-ന് ഇന്ത്യ സ്വതന്ത്രമായി, 1950 ജനുവരി 26-ന് എല്ലാ നാട്ടുരാജ്യങ്ങളും ലയിച്ച് സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കായി, 1956 നവംബര്‍ ഒന്നോടെ, മൂന്നായി കിടന്ന കേരളം ഐക്യകേരളമാവുകയും തിരുവിതാംകൂര്‍ എന്ന പ്രവിശ്യ ഇല്ലാതാവുകയും ചെയ്തു. 1969-ല്‍ പ്രിവിപേഴ്‌സ് നിര്‍ത്തലാക്കുകയും ചിത്തിരതിരുനാളിന്റെ കുടുംബമുള്‍പ്പടെ അതിനെതിരെ നല്‍കിയ ഹര്‍ജികള്‍ 1993-ല്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് തള്ളുകയും ചെയ്തു

ഇന്ത്യാഗവര്‍മെണ്ടും സംസ്ഥാന ഗവര്‍മെണ്ടും പഞ്ചായത്ത് രാജുമല്ലാതെ മറ്റ് രാജ്കളും രാജകളും ഇല്ലാതായി. പഴയ തിരുവിതാകൂര്‍ രാജകുടുംബത്തിലെ ഇപ്പോഴത്തെ അംഗങ്ങള്‍ക്ക് മറ്റ് സാധാരണ പൗരന്മാരുടെ എല്ലാ അധികാരങ്ങളുമുണ്ട്; അതേ ഉള്ളൂ എന്നതാണ് കോടതി വിധിയുടെ താല്‍പര്യം. അതുകൊണ്ട് ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണാധികാരം കയ്യാളാന്‍ പഴയ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തിനോ മറ്റേതെങ്കിലും അംഗത്തിനോ അവകാശമില്ല എന്നാണ് കോടതി വിധിച്ചത്. ഗുരുവായൂര്‍ ക്ഷേത്രഭരണത്തിന് ക്ഷേത്രവിശ്വാസികളുടേതായ ഒരു ഭരണസമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്നുമുണ്ട്. അതില്‍ സാമൂതിരി കുടംബത്തിന്റെ പ്രതിനിധിക്ക് സ്ഥിരം അഗത്വവുമുണ്ട്. അത്തരമൊരു സംവിധാനമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനും വേണ്ടതെന്നാണ് ഹൈക്കോടതി വിധി.
ഈ വിധിക്കെതിരെയാണ് മാര്‍ത്താണ്ഡവര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചത്. ഇതുവരെ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിച്ച സുപ്രീംകോടതി കീഴ്‌ക്കോടതി വിധി സ്‌റ്റേ ചെയ്തില്ല. മാത്രമല്ല ക്ഷേത്ര നിലവറകള്‍ തുറന്നുപരിശോധിക്കാന്‍ ഉന്നതതല കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. മുന്‍ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെട്ട ആ സമിതി ‘ബി’ നിലവറയൊഴിച്ച് മറ്റ് നിലവറകള്‍ തുറന്നപ്പോള്‍ വിസ്മയിപ്പിക്കുന്നത്ര വിപുലമായ നിധിശേഖരം കണ്ടു. ഈ നിധി ശേഖരം സാര്‍വദേശീയമായി തന്നെ വലിയ അത്ഭുതങ്ങളുയര്‍ത്തി. ഈ വിസ്മയത്തിന് ഒരു ഏകപക്ഷീയതയുണ്ടായിരുന്നു. രാജകുടുംബത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്നതും നാടുവാഴിത്ത സംസ്‌കാര പ്രീണനത്തോളമെത്തുന്നതുമായിരുന്നു അത്. ആ നിധി ശേഖരത്തില്‍ അന്തര്‍ലീനമായ ജനലക്ഷങ്ങളുടെ കണ്ണീരും വിയര്‍പ്പും രക്തവും വിസ്മരിക്കപ്പെട്ടു.
നിധിശേഖരത്തിന്റെ വലിപ്പത്തെക്കുറിച്ചുള്ള പ്രചാരണത്തിനിടയില്‍ പഴയ രാജകുടുംബം ക്ഷേത്ര ഭരണാധികാരം തങ്ങള്‍ക്ക് തന്നെ എന്ന് അവകാശപ്പെട്ടു കൊണ്ട് ബി നിലവറ തുറക്കരുതെന്നും കാണിച്ച് സുപ്രീം കോടതിയെ വീണ്ടും സമീപിക്കുകയാണ്. എന്നാല്‍ പുതിയൊരു വിദഗ്ധ സമിതിയെ നിയോഗിച്ച് എല്ലാ നിലവറകളും തുറന്ന് പൂര്‍ണ്ണമായ ഡോക്യുമെന്റേഷന്‍ നടത്താനും മൂല്യനിര്‍ണ്ണയം നടത്താനും വീഡിയോവില്‍ പകര്‍ത്താനുമാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
ആ വിധിയെ മറികടക്കാന്‍ ദേവപ്രശ്‌നം എന്ന പേരില്‍ ഒരു പ്രഹസനം അരങ്ങേറി എന്നാണ് ഇപ്പോഴത്തെ വിഷയം. ദേവപ്രശ്‌നം നടത്തി ദേവഹിതം അറിഞ്ഞിട്ടേ ബി നിലവിറ തുറക്കാവൂ എന്ന് കാട്ടി മാര്‍ത്താണ്ഡ വര്‍മ്മ കുടുംബം നല്‍കിയ ഹര്‍ജി സുപ്രീംകോടതി അനുവദിച്ചിട്ടില്ല. അതിന് കാക്കാതെ തന്നെ തങ്ങള്‍ക്കിഷ്ടപ്പെട്ട ജ്യോതിഷികളെ ചെന്ന് കണ്ട് അവരോട് കാര്യങ്ങള്‍ വിവരിച്ച് അവരെ കൂട്ടി കൊണ്ട് വന്ന് പ്രശ്‌നം വെപ്പിച്ചു. നിലവറകള്‍ തുറക്കരുതെന്നും പ്രത്യേകിച്ച് സര്‍പ്പ ചിഹ്നമുള്ള ബി നിലവറ തുറക്കരുതെന്നും ഫോട്ടോ എടുക്കരുതെന്നും മൂല്യനിര്‍ണ്ണയം നടത്തരുതെന്നും ദൈവത്തിന്റെ ഈ ഹിതങ്ങള്‍ ലംഘിച്ചാല്‍ ലംഘിക്കുന്നവരുടെ വംശമേ മുടിഞ്ഞു പോകുമെന്നാണ് പ്രശ്‌ന വിധി.
സുപ്രീകോടതിയില്‍ കേസ് നടന്നു കൊണ്ടിരിക്കെ കീഴ്‌ക്കോടതിയില്‍ പരാജയപ്പെട്ട കക്ഷി ജ്യോതിഷത്തിലൂടെ സുപ്രീംകോടതിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നതിന് തുല്യമല്ലേ ഇത്. നീതിന്യായ സംവിധാനത്തോടുള്ള വെല്ലുവിളിയല്ലേ ഇത്. മുന്‍പ് ഒന്നിലേറെ തവണ ഇതേ കക്ഷികള്‍ തന്നെ നിലവറകള്‍ തുറക്കുകയും ഫോട്ടോ എടുക്കുകയും കണക്കെടുക്കുകയും അതില്‍ നിന്ന് സ്വര്‍ണ്ണമെടുത്തു മണ്ഡപത്തിന് പൂശിയതുമൊക്കെയാണല്ലോ. അന്ന് ദേവപ്രശ്‌നം നടന്നിരുന്നില്ല. അതുമായി ബന്ധപ്പെട്ട് ആരുടെയും കുടുംബം മുടിഞ്ഞുപോയതായി അറിവില്ല. അത്‌കൊണ്ട് ഇപ്പോള്‍ കേസ് അതിന്റെ നിര്‍ണ്ണായക ഘട്ടത്തിലെത്തിയപ്പോള്‍ ദേവപ്രശ്‌നം വന്നത് നേരായ മാര്‍ഗ്ഗത്തിലാണെന്ന് ആര്‍ക്കാണ് പറയാനാവുക.
വാസ്തവത്തില്‍ രണ്ട് മുഖ്യ ചോദ്യങ്ങളില്‍ ഒന്നിന്റെ ഉത്തരമായി കഴിഞ്ഞു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്‌കോടതിയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും വിധിച്ച കാര്യം ഗുരുവായൂര്‍ ക്ഷേത്ര ഭരണസമിതിയെ പോലെ ക്ഷേത്ര വിശ്വാസികളുടേതായ ഒരു ഭരണസമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കണം. രണ്ടാമത്തെ ചോദ്യം ക്ഷേത്രത്തിലെ നിധി ശേഖരം എങ്ങിനെ സംരക്ഷിക്കണം. ആ ചോദ്യം സുപ്രീംകോടതി പരിഗണിക്കുകയാണ്. അതിന്റെ ഒന്നാം ഭാഗമാണ് നിലവറകള്‍ തുറക്കലും എണ്ണിത്തിട്ടപ്പെടുത്തലും ഡോക്യുമെന്റേഷനും മൂല്യനിര്‍ണ്ണയവും. അതാണിപ്പോള്‍ ദേവപ്രശ്‌നത്തിലൂടെ തടയാന്‍ ശ്രമിക്കുന്നത്. ഈ ഒന്നാം ഭാഗം പൂര്‍ത്തിയായ ശേഷം സുപ്രീംകോടതി രണ്ടാമത്തെ ചോദ്യത്തിന് പൂര്‍ണ്ണമായ ഉത്തരം നല്‍കുമെന്ന് പ്രതീക്ഷിക്കാം. നിധിശേഖരം കണക്കാക്കുക, ചോര്‍ച്ച കൂടാതെ സൂക്ഷിക്കുക, പര്യാപ്തമായ സംരക്ഷണ നടപടികള്‍ സ്വീകരിക്കുക-അതാണിപ്പോള്‍ ആവശ്യം. നിധിശേഖരത്തിന്റെ ഉപയോഗം സംബന്ധിച്ച് മറ്റ് കാര്യങ്ങള്‍ സുപ്രീംകോടതി പരിഗണിക്കുന്ന വിഷയമായതിനാല്‍ ഞാനിപ്പോള്‍ അഭിപ്രായമൊന്നും പറയുന്നില്ല.
നിധികള്‍ എങ്ങനെ ഉണ്ടാകുന്നു, അതെങ്ങനെ കുന്നുകൂട്ടാന്‍ കഴിയുന്നു, സ്വത്തുക്കള്‍ എങ്ങനെ ഉണ്ടാക്കുന്നു, അത് ഭാവിയിലേക്ക് എങ്ങനെ സംഭരിച്ചു വെയ്ക്കാന്‍ കഴിയുന്നു, അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ ആരാണ് എന്ന അടിസ്ഥാനപരമായ ചോദ്യവും അതിന്റെ അസന്ദിഗ്ധമായ ഉത്തരവും എല്ലാവരുടെയും മനസ്സിലുണ്ടാവട്ടേ എന്നാശംസിച്ചു കൊണ്ട് നിര്‍ത്തുന്നു.
നന്ദി, നമസ്‌കാരം

കടപ്പാട് .. doolnews .com